സൂപ്പര്‍ ഓവറില്‍ ദക്ഷിണാഫ്രിക്ക
കേപ്ടൗണ്‍: സൂപ്പര്‍ ഓവറോളം നീണ്ട ടി20 പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്‍പിലെത്തി. നാളെ സെഞ്ചൂറിയനിലാണ് പരമ്പരയിലെ രണ്ടാം ടി20 മത്സരം നടക്കുന്നത്.
കേപ്ടൗണില്‍ നടന്ന ഒന്നാം ടി20 മത്സരത്തിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ലങ്കന്‍ വെല്ലുവിളി സൂപ്പര്‍ ഓവറില്‍ മറികടന്നത്. ടോസ് നേടിയ ദക്ഷിണാഫ്രി ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് ലങ്ക നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്കും നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഇതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്.
സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയ്ക്കായി ബൗള്‍ ചെയ്തത് ക്യാപ്റ്റന്‍ ലസിത് മലിംഗയാണ്. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തോടെ സൂപ്പര്‍ ഓവര്‍ എറിഞ്ഞ മലിംഗയ്ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും റാസി വാന്ഡര്ഡ്യൂസനും ചേര്‍ന്നു നേടിയത് 14 റണ്‍സ്. ഒരു സിക്സും ഒരു ബൗണ്ടറിയും സഹിതം 13 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കൂടുതല്‍ തിളങ്ങിയത്. 15 റണ്‍സ് വിജയലക്ഷ്യവുമായി ശ്രീലങ്കയ്ക്കായി ബാറ്റിങ്ങിനെത്തിയത് തിസാര പെരേരയും ആവിഷ്ക ഫെര്‍ണാണ്ടോയും. എന്നാല്‍, വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന് താഹിറിന്റെ ഓവറില്‍ വെറും അഞ്ചു റണ്‍സെടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.
നേരത്തെ, 29 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 41 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റെ മികവിലാണ് ശ്രീലങ്ക 134 റണ്‍സെടുത്തത്. ആവിഷ്ക ഫെര്‍ണാണ്ടോ (15 പന്തില്‍ 16), കുശാല്‍ പെരേര (18 പന്തില്‍ 16), തിസാര പെരേര (21 പന്തില്‍ 19), ധനഞ്ജയ ഡിസില്‍വ (19 പന്തില്‍ 14), ഉഡാന (ആറു പന്തില്‍ 12), അഖില ധനഞ്ജയ (നാലു പന്തില്‍ എട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡില്‍ ഫെലൂക്വായോ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."