വേനല്‍മഴ പെയ്തിട്ടും ജലനിരപ്പ് ഉയരാതെ ബാണാസുര
പടിഞ്ഞാറത്തറ: വൃഷ്ടിപ്രദേശങ്ങളില്‍ വേനല്‍മഴ പെയ്തിട്ടും കാര്യമായ മാറ്റമില്ലാതെ ബാണാസുരസാഗര്‍ ഡാമിലെ ജലനിരപ്പ്. മാര്‍ച്ച് രണ്ടാം വാരം 763 മീറ്ററായിരുന്നു ജലനിരപ്പ്. 61.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശങ്ങളില്‍ മൂന്നും നാലും വേനല്‍ മഴ ലഭിച്ചിട്ടും ഈ നിലയില്‍ മാറ്റമില്ല.
775.6 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്ക് സമീപമുള്ള ബാണാസുരസാഗര്‍ അണ. 209 എം.എം.സിയാണ്(മില്യണ്‍ മീറ്റര്‍ ക്യൂബ്) അണയുടെ ജലസംഭരണശേഷി. ഏകദേശം 68 എം.എം.സി വെള്ളമാണ് ഇപ്പോഴുള്ളത്. അണയില്‍ ജലനിരപ്പ് ഇനിയും കുറയുന്നത് വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പറയുന്നു. നിലവില്‍ അണയിലുള്ള വെള്ളം 93.5 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദനത്തിനാണ് തികയുക. നിലവില്‍ കക്കയം അണയിലേക്ക് ബാണാസുരസാഗര്‍ അണയില്‍ നിന്ന് പ്രതിദിനം ഒരു എം.എം.സി വെള്ളമാണ് തുരങ്കത്തിലൂടെ ഒഴുക്കുന്നത്. ബാണാസുരന്‍ മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍ തോടിനു കുറുകെ സമുദ്രനിരപ്പില്‍ നിന്നു ഏകദേശം 2000 അടി ഉയരത്തിലാണ് ബാണാസുരസാഗര്‍ അണ. ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള മണ്ണണയാണിത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 224 ഹെക്ടര്‍ വനം അടക്കം 1604 ഹെക്ടര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 7.2 ടിഎംസിയാണ് ബാണാസുരസാഗര്‍ അണയുടെ ജലസംഭരണശേഷി. ഇതില്‍ 1.7 ടിഎംസി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉത്പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം.
അണയിലെ ജലം കക്കയത്ത് എത്തിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും കരമാന്‍ തോട് തടത്തില്‍ 3200 ഹെക്ടറിലും കുറ്റ്യാടി തടത്തില്‍ 5200 ഹെക്ടറിലും ജലസേചനമെന്ന ലക്ഷ്യം എങ്ങുമെത്തിയിട്ടില്ല.
പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാലുകളും നീര്‍പ്പാലങ്ങളും നോക്കുകുത്തികളായി. വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ ദിവസം 25,000 മീറ്റര്‍ ക്യൂബ് വെള്ളം അണയില്‍നിന്നു തുറന്നുവിടുന്നുണ്ട്. പടിഞ്ഞാറത്തറ കൂവലത്തോടുകുന്ന് ആദിവാസി കോളനിക്ക് അഭിമുഖമായാണ് ബാണാസുരസാഗര്‍ അണയുടെ ഷട്ടറുകള്‍. ഷട്ടര്‍ തുറന്ന് ഒഴുക്കുന്ന ജലം പുതുശേരി വഴി പനമരം പുഴയിലാണ് എത്തുന്നത്. മുന്‍പ് മഴക്കാലങ്ങളില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടും മുന്നും തവണ അണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിയിരുന്നു.
മഴക്കാലത്ത് ദിവസം 16 മീറ്റര്‍ ക്യൂബ് വെള്ളം വരെ ഒഴുക്കിയ ചരിത്രം അണക്കുണ്ട്. ഇക്കുറി കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ജലനിരപ്പ് ഉയര്‍ന്നതിന്റെ പേരില്‍ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കേണ്ടിവന്നില്ല. ഫുള്‍ റിസര്‍വോയര്‍ ലെവലും ഇപ്പോഴത്തെ ജലനിരപ്പും തമ്മില്‍ ഏകദേശം 12 മീറ്ററാണ് വ്യത്യാസം. വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി വേനല്‍മഴ ലഭിച്ചാല്‍ മാത്രമാണ് അണയില്‍ ജലവിതാനം ഉയരുകയുള്ളുവെന്നാണ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."