വീടിനു സമീപം മാലിന്യ നിക്ഷേപം; മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
ആലുവ: മൂന്നര സെന്റ് സ്ഥലത്തെ വീടിനോട് ചേര്‍ന്ന് രണ്ടര ഏക്കര്‍ സ്ഥലത്തിന്റെ ഉടമ മാലിന്യം നിക്ഷേപിക്കുന്നതായുള്ള പരാതിയില്‍ മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തിനോടും കാലടി പൊലിസിനോടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി. മലയാറ്റൂര്‍ നീലേശ്വരം മനക്കകുടി വീട്ടില്‍ രാജുവിന്റെ ഭാര്യ സിനിയാണ് കമ്മിഷന് മുമ്പാകെ ഹരജി നല്‍കിയത്.
മൂന്നര സെന്റ് സ്ഥലത്താണ് സിനിയുടെ വീടിരിക്കുന്നത്. തൊട്ടുചേര്‍ന്ന് രണ്ടര ഏക്കറിലേറെ സ്ഥലത്തിന്റെ ഉടമയായ കാടപറമ്പ് വീട്ടില്‍ ജേക്കബ് പീറ്ററി (ബേബി) നെതിരെയാണ് പരാതി.
പൈനാപ്പിള്‍ കൃഷി ചെയ്യുന്ന ബേബി സ്ഥലത്തെ എല്ലാ മാലിന്യങ്ങളും സിനിയുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗത്താണ് നിക്ഷേപിക്കുന്നത്. ഇതിനെതിരെ പഞ്ചായത്തിലും ആരോഗ്യവകുപ്പിനുമെല്ലാം നല്കിയ പരാതിയില്‍ സ്ഥലത്തെ മറ്റ് ഏതെങ്കിലും ഭാഗത്തേക്ക് മാലിന്യം നീക്കാന്‍ നിര്‍ദേശിച്ചെങ്കിലും സ്ഥലം ഉടമ അംഗീകരിക്കുന്നില്ലെന്നും ധിക്കാരം കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിനി കമ്മിഷനെ സമീപിച്ചത്.
ഉല്ലാസബോട്ടില്‍ നിന്നും വൈക്കം മുറിഞ്ഞപുഴയിലേക്ക് വീണു ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യ നല്കിയ ഹരജി കമ്മിഷന് തള്ളി. ആലുവ പാലസില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന് സിറ്റിങില്‍ ആകെ പരിഗണിച്ചത് 92 പരാതികളാണ്. ഇതില്‍ 27 എണ്ണം പുതിയതായി എടുത്തതാണ്. 11 പരാതികള്‍ തീര്‍പ്പാക്കി.
ഭിന്നശേഷിക്കാരായ വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരള ഭിന്നശേഷി സംയുക്ത കൂട്ടായ്മ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ മനയിലാണു കമ്മിഷന് ഹരജി നല്കി. പരാതിയില്‍ ഉചിതമായ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."