കക്കംവെള്ളിയില്‍ കനാല്‍ ചോര്‍ന്നു; റോഡില്‍ കുടിവെള്ളം പരന്നൊഴുകി
എടച്ചേരി: പുറമേരിക്കടുത്ത് കക്കംവെള്ളിയില്‍ കനാല്‍ ചോര്‍ന്ന് വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു. കക്കംവെള്ളി പെട്രോള്‍ പമ്പിനു സമീപമാണ് കുമ്മങ്കോട് തൂണേരി കനാല്‍ ചോര്‍ന്നത്. പമ്പിന് മുന്‍വശം വടകര-തൊട്ടില്‍പാലം റോഡില്‍കൂടി വെള്ളം പാഴാവുകയാണ്.
കനാല്‍ തുറന്നതോടെ റോഡിനിരുവശവും കെട്ടിയ ഭിത്തിയുടെ അരികിലാണ് ചോര്‍ച്ച സംഭവിച്ചത്. ഇവിടെ റോഡിനടിയിലൂടെ വീതിയേറിയ പൈപ്പിട്ടാണ് ഇരുഭാഗത്തുമുള്ള കനാലുകളെ ബന്ധിപ്പിച്ചത്. കനാലില്‍ വെള്ളം തുറന്നുവിടുന്നതിന് മുന്‍പ് തൊഴിലുറപ്പു ജീവനക്കാര്‍ കനാല്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ നിരന്തരം മാലിന്യങ്ങള്‍ കനാലിലേക്കു വലിച്ചെറിഞ്ഞതോടെ ഒഴുക്ക് തടസപ്പെട്ട് പെട്രോള്‍ പമ്പിന്റെ ഭാഗത്തു വെള്ളം പൊങ്ങിവരികയായിരുന്നു.
പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ജലനിരപ്പിനു മുകളില്‍ കെട്ടിക്കിടന്നു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മാലിന്യങ്ങള്‍ നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം വെള്ളം തുറന്നുവിടുന്നതോടെ കനാലിന്റെ ഈ ഭാഗം അപകടമേഖലയായി മാറാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 15 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കനാലിന്റെ ഇരുഭാഗങ്ങളിലും ഇരുമ്പ് പൈപ്പ് കൊണ്ട് വേലി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."