സഊദിയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ നാല് വിദേശികള്‍ക്ക് ലെവി ഒഴിവാക്കി
റിയാദ്: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളില്‍ നാല് വിദേശികള്‍ക്കുള്ള ലെവി ഒഴിവാക്കിയതായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചില മാനദണ്ഡങ്ങളോടെയാണ് നാലു വിദേശകള്‍ക്കുള്ള ലെവി പൂര്‍ണ്ണമായും ഒഴിവാക്കിയത്. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം വിദേശ തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതോടൊപ്പം ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഏറെ ആശ്വാസം കൂടിയാണ്. ചെറുകിട മേഖലയില്‍ നിന്നും മുപ്പത് ശതമാനം സ്ഥാപനങ്ങളും അടച്ചു പൂട്ടിയെന്ന റിപ്പോര്‍ട്ട് വന്നതിനു പിറകെയാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
ഒന്‍പത് തൊഴിലാളികള്‍ വരെയുള്ള ചെറുകിട സഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് ലഭിക്കുക. മന്ത്രാലയത്തിലേക്ക് തുടര്‍ച്ചയായി വന്ന അന്വേഷണത്തിനൊടുവിലാണ് ട്വിറ്ററിലൂടെ വിശദീകരണം. ഒന്‍പത് ജീവനക്കാര്‍ വരെയുണ്ടാകുന്ന ഇത്തരം സ്ഥാപനങ്ങളില്‍ സ്ഥാപനമുടമയും അതെ സ്ഥാപനത്തിലെ ജോലിക്കാരനായിരിക്കണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശികളെ സ്ഥാപനം നടത്തുന്നതിന് കൂടുതല്‍ പ്രേരിപ്പിക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ജനറല്‍ ഓര്‍ഗനൈസഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെ (ഗോസി) റജിസ്റ്റര്‍ അനുസരിച്ച് സ്ഥാപന ഉടമയായ സ്വദേശി അതേ സ്ഥാപനത്തിലെ ജോലിക്കാരുടെ പട്ടികയില്‍ ഉണ്ടായിരിക്കണമെന്നതാണ് മന്ത്രാലയം നിഷ്‌ക്കര്‍ഷിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും.
രണ്ടു വര്‍ഷം മുന്‍പ് ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ തുടങ്ങിയ വിദേശ തൊഴിലാളികളുടെ ലെവി അടുത്ത വര്‍ഷത്തോടെ മാസത്തില്‍ 800 റിയാല്‍ വീതമാണ് അടക്കേണ്ടി വരുന്നത്. അതായത് ഒരു വിദേശ തൊഴിലാളിക്ക് ഇഖാമ പുതുക്കാനായി വര്‍ഷത്തില്‍ 9600 റിയാല്‍ മാത്രം ലെവി ഇനത്തില്‍ നല്‍കേണ്ടി വരും. ഇതിനു പുറമെ ഇഖാമ പുതുക്കാനുള്ള ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ കൂടി സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതോടെ ഒരിക്കലും താങ്ങാന്‍ കഴിയാത്ത തുകയാണ്. ഇതോടൊപ്പം ജീവിത ചെലവും കൂടി കൂട്ടുമ്പോള്‍ വിദേശികള്‍ക്ക് ഒരു നിലക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്. ഇതാണ് മൂന്നു വര്‍ഷം കൊണ്ട് ചെറുകിട മേഖലയില്‍ മുപ്പത് ശതമാനം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."