പണമടച്ചില്ലെങ്കില്‍ ഓണംകേറാ മൂലയിലെ ക്വാറന്റൈന്‍ കേന്ദ്രം
കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ റൂമിന്റെ പണമടച്ചില്ലെങ്കില്‍ വല്ല ഓണംകേറാ മൂലയിലെ സ്‌കൂളുകളിലോ മറ്റോ പോയി താമസിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍. ഇതു സംബന്ധിച്ച് വിദേശത്തു നിന്നെത്തിയ യുവതി ഫേസ്ബുക്കിലിട്ട പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
രണ്ടു ദിവസം മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാസര്‍കോട്ടേക്കുവന്ന പ്രവാസികളുടെ ദുരിതയാത്രയുമായി ബന്ധപ്പെട്ടാണ് യുവതിയുടെ പോസ്റ്റ്. പെയ്ഡ് ക്വാറന്റൈനിന് തയാറായവര്‍ക്കു പോലും യാത്രയ്ക്കിടയിലോ താമസസ്ഥലത്തോ പരിഗണന ലഭിച്ചില്ലെന്ന് പോസ്റ്റില്‍ പറയുന്നു. ഗള്‍ഫിലെ സര്‍ക്കാരുകളും കെ.എം.സി.സിയും നാട്ടിലെക്കാള്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ നല്‍കിയിരുന്നെന്നും ദൃശ്യങ്ങള്‍ സഹിതമുള്ള വീഡിയോയില്‍ യുവതി വ്യക്തമാക്കുന്നു. നാട്ടിലേക്കു വന്നതിനേക്കാള്‍ ഭേദം വിദേശത്ത് കഴിയുകയാണെന്നും ഇവര്‍ പറയുന്നു. കണ്ണൂര്‍ വഴി കാസര്‍കോട്ടെത്തിയ പ്രവാസിയായ ജിഷയാണ് തങ്ങള്‍ നേരിട്ട ദുരിതം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലായി സാമൂഹിക അകലം പാലിച്ച് ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയില്‍ അവര്‍ കാസര്‍കോട്ടേക്കു പുറപ്പെട്ടു. കരിവെള്ളൂരെത്തിയപ്പോള്‍ കെട്ടിഘോഷിക്കപ്പെട്ട സിം കാര്‍ഡ് ഇപ്പോള്‍ ഇല്ല എന്നറിഞ്ഞു.
ബസുകള്‍ കരിവെള്ളൂരില്‍ നിര്‍ത്തി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം എല്ലാവരും ക്വാറന്റൈന്‍ ഫീസ് നല്‍കേണ്ടി വരുമെന്ന് അറിയിച്ചു. സര്‍ക്കാര്‍ ഫ്രീ ക്വാറന്റൈന്‍ ഒരുക്കിയിട്ടുണ്ടല്ലോ എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ''പറഞ്ഞില്ലാന്നു വേണ്ട. ഏതെങ്കിലും ഓണംകേറാ മൂലയിലെ സ്‌കൂളുകളിലോ മറ്റോ ആയിരിക്കും നിങ്ങള്‍ക്ക് ഫ്രീ കിട്ടുക. യാതൊരു സൗകര്യവും നിങ്ങള്‍ക്ക് ലഭിക്കില്ല''എന്നൊക്കെ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുത്തിയതോടെ പണമില്ലാതിരുന്നിട്ടും പലരും പെയ്ഡ് ക്വാറന്റൈന് സമ്മതം മൂളി.
പിന്നീട് പെയ്ഡ് ക്വാറന്റൈന്‍ ചെയ്യുന്നവരെയും ഫ്രീ ക്വാറന്റൈന്‍ ചെയ്യുന്നവരെയും രണ്ടു ബസുകളിലേക്ക് മാറ്റിയിരുത്തി. ഇരുത്തിയത് എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുത്തിയതു പോലെ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയിലല്ല. കുത്തിനിറച്ചായിരുന്നു. ഒന്നര മണിക്കൂര്‍ അവിടെ പിടിച്ചിട്ടതിനു ശേഷം വീണ്ടും പുറപ്പെട്ടു. കാഞ്ഞങ്ങാട് പുതിയ കോട്ട എത്തിയപ്പോള്‍ വീണ്ടും ബസുകള്‍ നിര്‍ത്തി ഒരു ബസില്‍ നിന്ന് കുറെ പേരെ ഇറക്കി രണ്ടാമത്തെബസിലേക്ക് കുത്തിനിറച്ചു, ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നെങ്കില്‍ ആ ബസിലെ എല്ലാവരും ഇപ്പോള്‍ രോഗികളായി മാറിക്കാണുമെന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."