ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് സി.പി.ഐ പുറത്ത്: കനയ്യകുമാറിനും സീറ്റില്ല
പാറ്റ്‌ന: ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് സി.പി.ഐ പുറത്തായതോടെ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യകുമാറും തിരഞ്ഞെടുപ്പ് ചിത്രത്തിനു പുറത്തായേക്കും. സഖ്യനീക്കം പാളിയതോടെ അദ്ദേഹത്തിന്റെ വിജയസാധ്യതയും കുറയുകയാണ്.
ഇത്തവണ ബെഗുസരായില്‍ നിന്ന് കനയ്യക്ക് ജനവിധിതേടാനാകുമെന്നായിരുന്നു സി.പി.ഐയുടെ പ്രതീക്ഷ. എന്നാല്‍ സഖ്യ ചര്‍ച്ചയില്‍ രാഷ്ട്രീയ ജനതാദള്‍ ഇടഞ്ഞതോടെ ആ നീക്കം പാളുകയായിരുന്നു.
അഞ്ച് സീറ്റായിരുന്നു സി.പി.ഐ ചോദിച്ചിരുന്നത്. ഇത് ആര്‍.ജെ.ഡി നിഷേധിച്ചു. തുടര്‍ന്ന് അവര്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ലാലു പ്രസാദ് യാദവ് ജയിലിലായതിനാല്‍ മകന്‍ തേജസ്വി യാദാവാണ് ആര്‍.ജെ.ഡിയെ നയിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചും പ്രഭാഷകനായി തിളങ്ങുകയും ചെയ്ത കനയ്യ കുമാറിന്റെ വ്യക്തി പ്രഭാവത്തില്‍ തേജസ്വിയുടെ പ്രഭ മങ്ങുമോ എന്ന പേടിയും സീറ്റു നിഷേധത്തിനു പിന്നിലുണ്ടെന്നാണറിയുന്നത്.
കനയ്യയുടെ തട്ടകമായ ബെഗുസരായി സി.പി.ഐയുടെ ശക്തികേന്ദ്രമാണ്. ഒരു തവണ ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിച്ചിട്ടുണ്ട്. പല തവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇവിടെ സഖ്യ സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു കനയ്യക്കു താത്പര്യം. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."