അഞ്ചുനിലകെട്ടിടം നിലംപൊത്തി
നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്
കല്‍പ്പറ്റ: അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് സംഭവം. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കല്‍പ്പറ്റ ഗാരേജില്‍ നിറുത്തിയിട്ടിരുന്ന ഒരു ബസ് മരം വീണ് തകര്‍ന്നു.
കെട്ടിടം ഇടിഞ്ഞതോടെ ദേശീയപാതയും തകര്‍ച്ചാ ഭീഷണിയിലായി. ദേശീയപാതയരുകില്‍ കല്‍പ്പറ്റ ഗാംരജിനു മുന്‍വശത്തായി കുത്തനെയുള്ള ചെരിവിലാണ് കെട്ടിടം നിര്‍മിച്ചു കൊണ്ടിരുന്നത്.
പുലര്‍ച്ചെ ആദ്യം മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീഴുന്നത് കണ്ട് ഗാരേജിലെ മെക്കാനിക് നോക്കിയപ്പോഴാണ് മണ്ണിടിഞ്ഞ് കെട്ടിടം ചെരിയുന്നത് കണ്ടത്. ഈ ഭാഗത്ത് ഏഴ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉണ്ടായിരുന്നു. ജീവനക്കാര്‍ ആറ് ബസുകള്‍ നീക്കിയപ്പോഴെക്കും കെട്ടിടം ചെരിഞ്ഞുവീണു.
ഈ ഭാഗത്ത് ഉണ്ടായിരുന്ന മരം ഒടിഞ്ഞ് ബസില്‍ വീഴുകയായിരുന്നു. അപകടകരമായ ചെരിവില്‍ അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും മതിയായ അടിത്തറ ഒരുക്കിയില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ചെരിവില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണെടുത്തത് മഴക്കാലം ആരംഭിച്ചതോടെ വന്‍തോതിലുള്ള മണ്ണിടിച്ചിലിന് കാരണമാവുകയായിരുന്നു. അടിത്തറയിലെ മണ്ണ് ഇടിഞ്ഞ് കെട്ടിടം ചെരിഞ്ഞു കിടക്കുകയാണ്. അടിത്തറ പുറത്തുകാണാം. കെട്ടിടം ഇടിഞ്ഞ് ഗാരേജിനു സമീപത്തുള്ള തോട് നികന്നു. ഇതോടെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനു സമീപത്താണ് കെ.എസ്.ആര്‍.ടി.സിയുടെ കിണര്‍. കെ.എസ്.ആര്‍.ടി.സി ബസിന് പ്രാഥമിക കണക്കില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കാണിച്ച് അധികൃതര്‍ കല്‍പ്പറ്റ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നഷ്ടപരിഹാരം അനുവദിക്കാന്‍ കലക്ടര്‍ക്ക് നിവേദനവും നല്‍കി. കെട്ടിടം തകര്‍ന്നതോടെ ഇതിനു തൊട്ടു മുമ്പിലുള്ള ദേശീയ പാതയും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
വലിയ ചരക്കു വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ദേശീയപാത ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ മുന്‍കരുതലായി പൊലിസ് താല്‍ക്കാലിക വേലി തീര്‍ത്തു. കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വദേശിയായ ഹരിദാസ് എന്നയാളുടേതാണ് കെട്ടിടം.
ദേശീയപാതയരുകില്‍ കുത്തനെയുള്ള ചെരുവില്‍ കെട്ടിട നിര്‍മാണം ആരംഭിച്ച സമയത്ത് ഇതിനെതിരേ ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. കെട്ടിടത്തിന്റെ പ്ലാനിനും സ്‌കെച്ചിനും കല്‍പ്പറ്റ മുനിസിപ്പാലിറ്റി അനുമതി നല്‍കിയിരുന്നതായി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് പറഞ്ഞു.
കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ മുനിസിപ്പല്‍ അധികൃതര്‍ക്കെതിരെയും, കരാറുകാരനെതിരെയും നടപടി വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി വാടകക്ക് കൊടുത്തശേഷമാണ് കെട്ടിടം തകര്‍ന്നതെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനെയെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."