HOME
DETAILS

കുട്ടികള്‍ക്ക് 'മലയാളം' നിര്‍ബന്ധമാകുമ്പോള്‍

  
backup
April 16 2017 | 00:04 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%a8

മലയാളം മറക്കുന്ന മലയാളി പെറ്റമ്മയെ മറക്കുന്ന മക്കള്‍ക്കു തുല്യമാണ്. മാതൃഭാഷയെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളുടെ ഈ പേമാരിക്കാലത്ത് ചാനല്‍ അവതാരകര്‍ തന്നെയാണു മലയാളം കശാപ്പുചെയ്യുന്നവരില്‍ മുന്നില്‍. മാതൃഭാഷയായ മലയാളത്തെ ഔദ്യോഗികഭാഷയായി അംഗീകരിച്ചത് അടുത്തകാലത്താണെന്നതാണ് അതിലേറെ ആശ്ചര്യം. മലയാളം സ്‌കൂളിലെ ഒന്നാംഭാഷയാക്കി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത് 2011 മേയ് 27നാണ്. ഇനി, ഇത്തരം ഉത്തരവുണ്ടായിട്ടെന്തു കാര്യം. അതെല്ലാം കാറ്റില്‍പ്പറത്തി മലയാളം എങ്ങും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പത്താംക്ലാസ് വരെയുള്ള പഠനത്തില്‍ മലയാളം നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ഏതായാലും ആശ്വാസവും ആഹ്ലാദവും നല്‍കുന്ന കാര്യമാണ്. കാരണം, ഇന്നു മലയാളികളില്‍, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസമാണു മഹത്തരമെന്നു ധരിച്ചവശായ മാതാപിതാക്കളുടെ ന്യൂജനറേഷന്‍ മക്കളില്‍, പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത അവസ്ഥയാണ്. സ്വയം മാതൃഭാഷ പഠിച്ചില്ലെങ്കില്‍ നിര്‍ബന്ധിച്ചു പഠിപ്പിക്കാതെ തരമില്ല.
അക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ചേ മതിയാകൂ. മലയാളം നാവിനും പേനയ്ക്കും വഴങ്ങാത്ത ദുരന്തതലമുറ ഇതിനകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനിയും വഷളാകുന്നത് ഒഴിവാക്കുകയെന്ന ചരിത്രദൗത്യമാണ് ഈ ഓര്‍ഡിനന്‍സ് നിറവേറ്റാന്‍ പോകുന്നത്.
അടുത്തകാലംവരെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന താല്‍പര്യമോ ശ്രമമോ ഇല്ലായിരുന്നു. ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മലയാളം സംസാരിച്ചതിന് അധ്യാപകരുടെ ക്രൂരതകള്‍ക്ക് എത്രയോ തവണ കുട്ടികള്‍ ഇരയായി. അപ്പോഴെല്ലാം പണ്ഡിതവരേണ്യരും അധികൃതരും കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നു. തമിഴന്റെയും കന്നടക്കാരന്റെയുമൊക്കെ മാതൃഭാഷാസ്‌നേഹം ഈ സന്ദര്‍ഭത്തില്‍ നാം നമിക്കുക തന്നെ വേണം. അവര്‍ക്കു മാതൃഭാഷ സ്വജീവിതത്തില്‍നിന്നു വേറിട്ടതല്ല.
'എനിക്കു മലയാലം റൈറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല' എന്നഭിമാനിക്കുന്നവരാണു മലയാളികളില്‍ മിക്കവരും. ദൃശ്യമാധ്യമത്തിലൂടെ പേരെടുത്ത ചിലയാളുകള്‍ മലയാളം പറയുന്നത് മലയാളവാക്കുകള്‍ ഇംഗ്ലീഷ് ലിപിയിലെഴുതി വായിക്കുമ്പോലെയാണ്. അതു കണ്ടു ഞെട്ടേണ്ടതിനു പകരം അത്തരക്കാരുടെ വാക്‌സാമര്‍ഥ്യത്തെ വാനോളം പുകഴ്ത്തുകയാണു നമ്മള്‍. മലയാളലിപികളും വാക്കുകളും അര്‍ഥങ്ങളുമൊക്കെ വക്കൊടിഞ്ഞും വലിഞ്ഞുനീണ്ടും വികലമാകുന്നതില്‍ നമ്മുടെ മനസ്സു വേദനിക്കുന്നില്ല. ഇത് ജുഗുപ്‌സാവഹമാണ്. മാപ്പര്‍ഹിക്കാത്ത കുറ്റവും.
മാധ്യമങ്ങളുടെ ആധിക്യവും ആധിപത്യവും സാധാരണഗതിയില്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ സഹായിക്കേണ്ടതാണ്. എന്നാല്‍, അവ മഹത്തായ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ അധിനിവേശം നടത്തുകയാണു ചെയ്യുന്നത്. ഭാഷാപ്രയോഗവും ഉച്ചാരണവും മുതല്‍ എല്ലാം നാം അറിഞ്ഞുകൊണ്ടുതന്നെ ആംഗലേയവത്കരിക്കുകയാണ്. അതിനു ദൃശ്യമാധ്യമങ്ങള്‍ വേണ്ടതിലേറെ പങ്കുവഹിക്കുന്നു. അപ്പോഴും മലയാളമാധ്യമങ്ങളുടെ എണ്ണത്തില്‍ നാം ഊറ്റം കൊള്ളുന്നു.

'അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമ
ല്ലെന്റെ മലയാളം...
മലയാളമെന്ന നാലക്ഷരവുമല്ല,
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാ
ണെന്റെ മലയാളം.'

എന്നു കുഞ്ഞുണ്ണി മാഷ് പാടിയപോലെ, നമ്മുടെ മലയാളം നമ്മുടെ അമ്മയും മണ്ണുമാണെന്ന തിരിച്ചറിവ് ഓരോ മലയാളിക്കുമുണ്ടാവണം. സ്വന്തമായൊരു ഭാഷയുണ്ടാവുകയെന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് മാതൃഭാഷയില്ലാതാകുമ്പോഴേ മനസ്സിലാകൂ. മാതൃഭാഷ അവഗണിക്കപ്പെട്ടാലും താല്‍ക്കാലികവും പ്രായോഗികവുമായ നേട്ടങ്ങളുണ്ടായാല്‍ മതിയെന്നു വിചാരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്നവരാണ്.
ഭാര്യ ഗര്‍ഭിണിയാണെന്നു തിരിച്ചറിയുമ്പോഴേ, ജനിക്കുന്ന കുട്ടി ഇംഗ്ലീഷിന്റെ മണവും വായുവും ശ്വസിക്കണമെന്ന ആഗ്രഹത്തോടെ, പ്രസവം ഇംഗ്ലണ്ടില്‍വച്ചു നടത്താന്‍ ആലോചിക്കുന്ന ഭര്‍ത്താവ് വെറും കവി കല്‍പ്പനയല്ല. ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയെ വളച്ചൊടിക്കലില്ലാതെ കവി തുറന്നുകാണിക്കുകയാണ്.
പുതുതലമുറയ്ക്കു മലയാളം എഴുതാനും വായിക്കാനും കഴിയാതായെങ്കില്‍ അത് അവരുടെ കുറ്റമല്ല. മക്കള്‍ക്കു നല്ലതുവരട്ടെയെന്ന ചിന്തയില്‍ ഇംഗ്ലീഷിന്റെ പിന്നാലെ അവരെ അയച്ച മാതാപിതാക്കളെയും അവരെ അതിനു പ്രേരിപ്പിച്ച സമൂഹമനോഭാവത്തെയുമാണു പഴിക്കേണ്ടത്. ആരോഗ്യം നന്നാകട്ടെയെന്നു കരുതി കുട്ടികള്‍ക്കു മാരകമായ ഔഷധം കൊടുക്കുന്നതുപോലെയാണത്.
മലയാള ഭാഷയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിക്കാതെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കയക്കുന്ന രക്ഷിതാക്കളുടെ മനോഭാവം മാറേണ്ടതുണ്ട്. മാതൃഭാഷയില്‍ കുട്ടികള്‍ക്കു വിഷയങ്ങള്‍ പഠിക്കാന്‍ എളുപ്പമാകും. ഇതിലൂടെ കൂടുതല്‍ വിജ്ഞാനം വശത്താക്കാന്‍ സാധിക്കും. മലയാളഭാഷ നന്നായി പഠിപ്പിച്ചതിനുശേഷമായിരിക്കണം മറ്റു ഭാഷകള്‍ പഠിപ്പിക്കേണ്ടത്. മാതൃഭാഷ പഠിച്ചാല്‍ മറ്റുഭാഷകള്‍ കൈപിടിയിലൊതുക്കാന്‍ എളുപ്പമാകും.
മലയാളം അറിയാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ ഉദ്യോഗത്തില്‍ പ്രധാനസ്ഥാപനങ്ങളിലെത്തുകയും മലയാളം പഠിച്ചവര്‍ക്ക് അത്തരം അവസരം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ആപത്കരമാണ്. ഇംഗ്ലീഷ് പഠിക്കാന്‍ മലയാളം പഠിക്കാതിരിക്കുന്നതാണു നല്ലതെന്ന മൂഢവിശ്വാസം ചിലര്‍ക്കുണ്ട്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മാനോഭാവത്തിനു മാറ്റംവരണം. മാതൃഭാഷയില്‍നിന്ന് അകലുമ്പോള്‍ അവര്‍ നമ്മുടെ പൈതൃകത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നും അകലും. മലയാളി എന്ന സ്വത്വവിചാരത്തിന് ഇളക്കംതട്ടും.
എന്റെ കുട്ടിക്കു മലയാളമറിയില്ലെന്ന് അഭിമാനത്തോടെ പറയുന്ന മലയാളികളുണ്ട്. എത്ര നന്നായി ഇംഗ്ലീഷ് പറഞ്ഞാലും നമ്മളൊരിക്കലും ഇംഗ്ലീഷുകാരാവില്ല. ആ വ്യര്‍ഥശ്രമത്തിനിടയില്‍ നാം മലയാളിയല്ലാതായിത്തീരുകയാണു ചെയ്യുക. പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും മലയാളം പറഞ്ഞാല്‍ ഫൈന്‍ ഈടാക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരാണു മലയാളഭാഷയെ അപമാനിക്കുന്നത്. കൊച്ചുകുട്ടികള്‍ക്കുപോലും സ്വന്തം ഭാഷയില്‍ മറ്റു കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനു ചങ്ങലക്കിടുന്ന പ്രവണത. ഇതു വിദ്യാര്‍ഥികളില്‍ സംഘര്‍ഷമുണ്ടാക്കും. ഇംഗ്ലീഷിനു നല്‍കുന്ന പ്രാധാന്യമെങ്കിലും മലയാളത്തിനും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകണം. അല്ലെങ്കില്‍ ഈ ഭാഷ അധികം വൈകാതെ അപ്രത്യക്ഷമാകുന്ന ദുരന്തത്തിനു നാം സാക്ഷിയാകും..!
'ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു താന്‍ കേള്‍ക്കവേണം...'
മഹാകവി വള്ളത്തോളിന്റെ ഈ വരികളില്‍നിന്നു മാതൃഭാഷയുടെ ജീവല്‍പ്രാധാന്യമെന്താണെന്നു വ്യക്തമാകും ഏതൊരാള്‍ക്കും. ചിന്തയുടെ മാധ്യമം ഭാഷയാണ്. വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷതന്നെ.
മലയാളം, ഇന്ത്യയില്‍ കേരളത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കുന്ന ഭാഷയാണ്. ഇതു ദ്രാവിഡഭാഷാ കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണു മലയാളം. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു മലയാളം.
മലയാള ഭാഷ 'കൈരളി' എന്നും അറിയപ്പെടുന്നു. കേരളസംസ്ഥാനത്തിലെ ഭരണഭാഷയുമാണ് മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്‍പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു വിളിക്കുമ്പോഴും ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.90 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിന്, ഇതര ഭാരതീയ ഭാഷകളായ സംസ്‌കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായിപ്രകടമായ ബന്ധമുണ്ട്.
മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പ് തന്റെ പ്രിയ ഭാഷയെക്കുറിച്ചുള്ള ആകുലതകളും വിഷമതകളും പങ്കുവച്ചിരുന്നതു ശ്രദ്ധാര്‍ഹമാണ് . 'കേരളത്തില്‍ ഒരു രംഗത്തും മലയാളമറിയുക എന്നതുപോലും അനിവാര്യമാണെന്ന അവസ്ഥയുണ്ടായിട്ടില്ല. ഭരണ ഭാഷ മലയാളമാക്കുന്നതിന് ഒരു വകുപ്പ് സെക്രേട്ടറിയറ്റിലുണ്ട്. അത് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍, ഇംഗ്ലീഷില്‍ എഴുതിയുണ്ടാക്കുന്നത് വാക്കിനു വാക്ക് മലയാളമാക്കുന്നതിനുള്ള അഭ്യാസമാണവിടെ നടന്നത്.'
പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷയ്ക്കുള്ള മൗലികപ്രാധാന്യം ഇനിയും നാം മനസ്സിലാക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരമായ അനുഭവം. ഒരു കുട്ടി അവന്‍ പിറന്നു വളര്‍ന്ന പരിസ്ഥിതിയെ സ്വന്തം ഭാഷയില്‍ തന്നെ മനസ്സിലാക്കിയേ മതിയാവൂ. വീട്ടുമുറ്റത്ത് വിടരുന്ന പിച്ചിയും അരിമുല്ലയും കുടമുല്ലയുമെല്ലാം വക തിരിച്ചു മനസിലാക്കാനും അതോരോന്നിനെയും വ്യത്യസ്ത ഗന്ധത്തിലൂടെ തിരിച്ചറിയാനും ആ പ്രത്യേക ഭാഷാ നാമങ്ങളില്‍ത്തന്നെ അവയെ അറിയണം. അവയ്‌ക്കെല്ലാം കൂടി 'ജാസ്മിന്‍' എന്ന ഒരൊറ്റ പേര് പോരാ എന്ന് ചുരുക്കം. അതിനുള്ള തുടക്കമാവട്ടെ ഇടതുപക്ഷ സര്‍ക്കാരിന്റെ മലയാള ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമപരിഷ്‌കാരം..!
ഈയവസരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നിര്‍ണായകമാണ്. ഗവണ്‍മെന്റിന്റെ ഇച്ഛാശക്തി ആ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. അത്രയും നല്ലത്. പക്ഷേ, ആശയത്തിനും പ്രവൃത്തിക്കുമിടയില്‍ കുറച്ച് ദൂരമുണ്ട്. ഇപ്പോഴും മലയാളം ഉപയോഗിക്കാവുന്ന, ഉപയോഗിക്കേണ്ട അനേകം സന്ദര്‍ഭങ്ങളില്‍ നാം ഇംഗ്ലീഷ് ഉപയോഗിക്കുന്നു. നിയമം കൊണ്ട് മാത്രം മാറ്റാനാവില്ല, മനോഭാവം മാറണം. അത് സാവധാനമേ നടക്കൂ. ജനങ്ങള്‍ ആവശ്യപ്പെടണം. ഒപ്പം നിയമവും വേണം. ഇംഗ്ലീഷില്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിന് പ്രത്യേക മേന്മയൊന്നും ഇല്ലെന്ന് പൊതുസമൂഹം തിരിച്ചറിയുന്ന അവസ്ഥ ഉണ്ടാവണം.
2013 മേയ് മാസം 23ന് നമ്മുടെ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. പണ്ഡിതനും കവിയും ഭരണ നിപുണനുമായ കെ. ജയകുമാര്‍ തലവനായി മലയാള സര്‍വകലാശാലയും നിലവില്‍വന്നു. യുനസ്‌കോയുടെ ശ്രേഷ്ഠഭാഷാ പട്ടികയില്‍ മലയാളത്തിന് പതിനാറാമത്തെ സ്ഥാനമുണ്ട്. ഇത്രമാത്രം ഭാഷകളുള്ള ഈ ലോകത്തില്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠഭാഷകളില്‍ പതിനാറാം സ്ഥാനമുണ്ട് എന്നത് അത്യാഹ്‌ളാദവും അഭിമാനവും നല്‍കുന്നതാണ്. ഇന്ത്യന്‍ ഭാഷകളില്‍ സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ക്കൊപ്പം നമ്മുടെ ഭാഷ മലയാളവും
ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഏതൊരു മലയാളിക്കും ആത്മാഭിമാനമുണ്ടാക്കേണ്ടതാണ്. എന്നാല്‍, എന്റെ മോന്‍, മോള്‍ക്ക് മലയാളം അറിയില്ല എന്ന് അഭിമാനപൂര്‍വം പറയുന്ന രക്ഷിതാക്കള്‍ മനസ്സിലാക്കണം കാലാന്തരത്തില്‍ ആ മക്കള്‍ വളര്‍ന്ന് അവര്‍ക്ക് അമ്മയെയും അച്ഛനെയുമറിയില്ലെന്നു പറയുന്നവരായി വളരുമെന്ന്. അതൊരു തിരിച്ചറിവായി, ഒരു തിരുത്തലായി മനസ്സിലുണ്ടാകണം.
മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അവാര്‍ഡ് സ്വീകരണത്തിനായി കവി ഡല്‍ഹിയിലെത്തി. അവാര്‍ഡ് സ്വീകരണത്തിനു ശേഷം കൈപ്പറ്റു രസീതിയില്‍ അദ്ദേഹം അഭിമാനപൂര്‍വം മലയാളത്തില്‍ പേരെഴുതി ഒപ്പിട്ടു. എന്നാല്‍, കൈയൊപ്പ് ഇംഗ്ലീഷില്‍ വേണമെന്ന് കാര്യദര്‍ശി ഉദ്യോഗസ്ഥന്‍ ശഠിച്ചപ്പോള്‍ ഭാഷാഭിമാനം കൊണ്ട് ആ കവി പൊട്ടിത്തെറിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു-
'ഈ ഭാഷകൊണ്ടാണ് ഞാനിവിടെയെത്തിയത്. ഈ ഭാഷ വേണ്ടെങ്കില്‍ നിങ്ങളുടെ നക്കാപ്പിച്ച കാശെനിക്കും വേണ്ട.'
കവിയുടെ കത്തിജ്ജ്വലിക്കുന്ന ഭാവവും വാക്കുകളും അധികൃതരുടെ പിടിവാശി കളഞ്ഞുവെന്നുമാത്രമല്ല; അവര്‍ കവിയോട് മാപ്പിരക്കുകയും ചെയ്തു എന്നത് ഭാഷാപ്രണയ ചരിത്രം ..!
'ജനീ ജന്മഭുമിശ്ച
സ്വര്‍ഗാദപി ശരീയസി'
എന്ന ആപ്തവാക്യം അനുസരിച്ച് പെറ്റമ്മയ്ക്കും പിറന്ന ഭുമിക്കും നാം പ്രാധാന്യം കല്‍പ്പിക്കുന്നതുപോലെ, മാതൃഭാഷയ്ക്കും അര്‍ഹമായ സ്ഥാനം നല്‍കേണ്ടതാണ്. പ്രതിസന്ധികള്‍ തരണം ചെയ്തു വളര്‍ച്ചയുടെ പുതിയ പടികള്‍ കടന്ന്, ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് നമ്മുടെ മലയാള ഭാഷ മുന്നേറുമെന്നു പ്രത്യാശിക്കാം..!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago