വിശ്വാസികളുടെ ചെയ്തികള്‍ക്ക് മാപ്പുചോദിച്ച് മാര്‍പാപ്പ
റോം: ദുഃഖ വെള്ളി ദിനത്തില്‍ കത്തോലിക്ക വിശ്വാസികളുടെ മാനവിക വിരുദ്ധ പ്രവര്‍ത്തനത്തില്‍ ക്ഷമ ചോദിച്ച് പോപ്പ് ഫ്രാന്‍സിസ്. വിശ്വാസികളുടെ ചെയ്തികളോട് ദൈവത്തോട് ക്ഷമചോദിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.
റോമിലെ കൊളോസിയത്തില്‍ പരമ്പരാഗത കുരിശിന്റെ വഴിയോടനുബന്ധിച്ച മെഴുകുതിരി തെളിയിക്കല്‍ ചടങ്ങിലാണ് മാര്‍പാപ്പ ഇതുപറഞ്ഞത്. അഭയാര്‍ഥി പ്രശ്‌നങ്ങളിലടക്കം വിശ്വാസികള്‍ സ്വീകരിച്ചത് മാനവിക വിരുദ്ധനടപടിയാണെന്ന് മാര്‍പാപ്പ പറഞ്ഞു. യൂറോപ്പിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്. രണ്ടു മണിക്കൂര്‍ നീണ്ട കുരിശിന്റെ വഴിക്ക് ശേഷം എഴുതിതയാറാക്കിയ പ്രസംഗത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം.
പള്ളിമേടകളിലെ ലൈംഗിക പീഡനം എല്ലാ പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കും, കന്യാസ്ത്രീകള്‍ക്കും നാണക്കേടാണെന്ന് മാര്‍പാപ്പ പറഞ്ഞു. രണ്ടു പതിറ്റാണ്ടായി ഈ അപമാനം നേരിടുകയാണ്.
കുട്ടികള്‍ക്ക് എതിരേയുള്ള പീഡനം അദ്ദേഹം എടുത്തുപറഞ്ഞു. പ്രതികള്‍ക്കെതിരേ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നടപടിയെടുക്കാത്തത് സ്ഥിതി വഷളാക്കി.
നിരപരാധികളായ സ്ത്രീകള്‍, കുട്ടികള്‍, അഭയാര്‍ഥികള്‍ എന്നിവരുടെ രക്തം ദിവസവും വീഴുന്ന സാഹചര്യമാണുള്ളത്.
ഇതും നാണക്കേടാണ്. വംശീയം, സാമൂഹിക പശ്ചാത്തലം, മതപരമായ വിശ്വാസം എന്നിവയുടെ പേരില്‍ ഇവര്‍ വിചാരണചെയ്യപ്പെടുന്നതും പോപ്പ് ചൂണ്ടിക്കാട്ടി. ജീവിതത്തിലെ പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."