നെഞ്ചുപൊട്ടി അവര്‍ കെഞ്ചി; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതേ...
സ്വന്തം ലേഖിക
കൊച്ചി: 'ശ്വാസം കിട്ടാതെ പിടയുന്നവര്‍ പതിവ് കാഴ്ചയായിരിക്കുന്നു; മരണം കണ്ടും മൃതദേഹം പാക്ക് ചെയ്തും മടുത്തു. നെഞ്ചുപൊട്ടി കെഞ്ചി പറയുകയാണ്, കര്‍ഫ്യൂ ഒഴിവാക്കിയെന്ന് കരുതി ആവശ്യമില്ലാതെ ആരും പുറത്തിറങ്ങി കറങ്ങി നടക്കരുത്. മാസ്‌ക് കഴുത്തില്‍ തൂക്കാനുള്ളതല്ല. സുരക്ഷക്കുള്ളതാണ്....' വാക്കുകള്‍ ഇടറിയും കണ്ണുനീരോടെയും പറയുന്നത് കുവൈത്തിലെ മൂന്ന് മലയാളി നഴ്‌സുമാര്‍. കൊവിഡ് കാലത്ത് കരുതലിന്റെ കൈയൊപ്പായി ഈ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പറന്നുനടക്കുകയാണ്.
കൊവിഡ് ചികിത്സക്കിടയില്‍ തങ്ങള്‍ അനുഭവിക്കുന്ന വേദനയും യാതനയും പങ്കിട്ടും ഒപ്പം എല്ലാവര്‍ക്കുമുള്ള മുന്‍കരുതല്‍ നിര്‍ദേശവുമായാണ് നഴ്‌സുമാര്‍ 'ലൈവില്‍' എത്തിയത്.
ആശുപത്രിയിലേക്കുള്ള തങ്ങളുടെ യാത്രക്കിടയില്‍ കണ്ട കാഴ്ചയാണ് ഇവരുടെ നെഞ്ചുപൊട്ടിയുള്ള അഭ്യര്‍ഥനക്ക് അടിസ്ഥാനം. സാമൂഹിക അകലം സംബന്ധിച്ച സകല നിര്‍ദേശങ്ങളും അവഗണിച്ച്, മൂക്കും വായും മൂടേണ്ട മാസ്‌ക് കഴുത്തില്‍ തൂക്കി അഞ്ചും ആറുംപേര്‍ കൂട്ടമായി നിന്ന് വര്‍ത്തമാനം പറയുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്. വഴിയില്‍ കുഴഞ്ഞുവീഴുന്നവരെ തൊടാന്‍ പോലും ആളുകള്‍ മടിക്കുകയാണെന്നും ആശുപത്രിയില്‍ നിത്യേന എത്തുന്ന കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ പിടയുന്നതിന് തങ്ങള്‍ സാക്ഷികളാണെന്നും ഇവര്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍തന്നെ എണ്ണത്തില്‍ കുറഞ്ഞ് വരികയാണ്.കൊവിഡ് ബാധിച്ചും മറ്റും പലരും വരാതാകുന്നു.നേരത്തെ ഒരു ഷിഫ്റ്റില്‍ എട്ടും പത്തും നഴ്‌സുമാരുണ്ടായിരുന്നത് ഇപ്പോള്‍ മൂന്നും നാലുമായി കുറഞ്ഞു. ആള്‍ ക്ഷാമം വന്നതോടെ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്നത് 12മണിക്കൂറായി.
'അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ സ്വന്തം കുടുംബത്തെയെങ്കിലും ഓര്‍മിക്കണം.തങ്ങള്‍ക്കുമുണ്ട് കുടുംബവും കുട്ടികളും. അതെല്ലാം മറന്ന് ഡ്യൂട്ടിക്കെത്തുന്നത് രോഗികളെ കരുതിയാണ്.ഞങ്ങള്‍ക്കും വേണം അല്‍പം വിശ്രമം. എല്ലാവരും സഹകരിച്ചാലേ കൊവിഡിനെ പിടിച്ചുകെട്ടാനാവൂ. അതിന്, അത്യാവശ്യമില്ലാത്ത കറക്കം ഒഴിവാക്കണം. മാസ്‌ക് കഴുത്തില്‍ തൂക്കാനാണെന്നുള്ള ധാരണയും മാറ്റണം..... ' ഇങ്ങനെ പോകുന്നു കണ്ണ് നിറഞ്ഞുള്ള അവരുടെ അഭ്യര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."