ഒരു വേനല്‍കൂടി കടന്നു; ഊര്‍ജമേഖലയെ സുരക്ഷിതമാക്കിയത് കൊവിഡ്
തൊടുപുഴ: കൊവിഡ് ലോക്ക് ഡൗണിന്റെ പിന്‍ബലത്തില്‍ ആയാസരഹിതമായി ഒരു വേനല്‍കൂടി കടത്തി വൈദ്യുതി ബോര്‍ഡ്. ഫെബ്രുവരിയില്‍ തന്നെ പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂനിറ്റിലേക്ക് എത്തിയത് കെ.എസ്.ഇ.ബി യെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 19 ന് ഉപഭോഗം 85.12 ദശലക്ഷം യൂനിറ്റിലേക്ക് ഉയര്‍ന്നിരുന്നു. ഇതോടൊപ്പം മൂലമറ്റം പവര്‍ ഹൗസിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള 3 ജനറേറ്ററുകള്‍ ഷട്ട് ഡൗണിലായതും പ്രശ്‌നമായി. ജനുവരി 20 നും ഫെബ്രുവരി ഒന്നിനും പവര്‍ ഹൗസിലെ യഥാക്രമം രണ്ടും ആറും നമ്പര്‍ ജനറേറ്ററുകള്‍ തകരാറിലാകുകയായിരുന്നു. ഒരു ജനറേറ്റര്‍ പുനരുദ്ധാരണത്തിലുമാണ്. ഇതോടൊപ്പം ലോവര്‍ പെരിയാര്‍ ഡാമിലെ അറ്റകുറ്റപ്പണികള്‍ക്കായി പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍ പവര്‍ ഹൗസുകള്‍ ഷട്ട് ഡൗണ്‍ ചെയ്തതോടെ വെള്ളമുണ്ടായിട്ടും പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കേണ്ട ഗതികേടിലായി വൈദ്യുതി ബോര്‍ഡ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 24 മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് ആശ്വാസമായത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ വ്യവസായ - വാണിജ്യ മേഖലകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയതിനാല്‍ പ്രതിദിന വൈദ്യുതി ഉപഭോഗം ഒരു കോടി മുതല്‍ ഒന്നരക്കോടി യൂനിറ്റ് വരെ കുറയുകയായിരുന്നു.
ജൂണ്‍ ഒന്നിന് 600 - 750 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ള സംഭരണികളില്‍ കരുതലുണ്ടാകണമെന്നതാണ് കെ.എസ്.ഇ.ബി യുടെ ജലവിനിയോഗ തത്വം. എന്നാല്‍ ഇന്നലെ രാവിലെ ഏഴിനുള്ള കണക്കുപ്രകാരം 1092.262 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളിലുണ്ട്. 2019 ജൂണ്‍ ഒന്നിന് 666.268, 2018 ജൂണ്‍ ഒന്നിന് 1000.009 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷിയുടെ പകുതിയില്‍ അധികം ഉള്‍ക്കൊള്ളുന്ന ഇടുക്കി അണക്കെട്ടില്‍ 37 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 19 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെ ഇടുക്കി പദ്ധതിയില്‍ പരമവാവധി സംഭരിക്കാനാകുക 76% വെള്ളമാണ്. ഈ സമയത്ത് ഇതിന് മുകളിലെത്തിയാല്‍ വെള്ളം തുറന്നുവിടേണ്ടി വരും. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് 10 വലിയ അണക്കെട്ടുകളുടെ സംഭരണ ശേഷി നിയന്ത്രിച്ചുകൊണ്ട് കേന്ദ്ര ജലകമ്മീഷന്‍ റൂള്‍ കേര്‍വ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."