കൊവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രിക്കു വേണ്ടി വീണ്ടും വൈകിപ്പിച്ചു
മഞ്ചേരി: സംസ്ഥാനത്തു കൊവിഡ്- 19 സ്ഥിരീകരിക്കുന്ന വിവരം രോഗിയെയും ബന്ധുക്കളെയും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു മുന്‍പ് അറിയിക്കുന്നില്ലെന്ന വാദം ശരിവയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. രോഗം സ്ഥിരീകരിച്ച വിവരമറിയാതെ ആരോഗ്യപ്രവര്‍ത്തകനായ യുവാവ് പാലക്കാട്ടു നിന്ന് ബൈക്ക് ഓടിച്ച് മലപ്പുറത്തെ വീട്ടുപരിസരത്തെത്തി.
മഞ്ചേരി ആനക്കയം ഇരുമ്പുഴി വടക്കുമുറി സ്വദേശിയായ യുവാവാണ് കൊവിഡ് ബാധിച്ചതറിയാതെ നൂറോളം കിലോമീറ്റര്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് സമൂഹവ്യാപനത്തിന് ഇടയാക്കുന്ന ഈ സംഭവത്തിനു പിന്നില്‍. യുവാവ് രോഗവിവരമറിഞ്ഞത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ്.
പാലക്കാട്ടെ കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ യുവാവ് മെയ് 27നാണ് പരിശോധനയ്ക്ക് സാംപിള്‍ നല്‍കിയത്. ആശുപത്രിയിലെ ജോലി കഴിഞ്ഞ് അന്നുതന്നെ മഞ്ചേരിയിലെ വീട്ടിലേക്കു മടങ്ങി. 30ന് വീണ്ടും പാലക്കാട്ടേക്കു തിരിച്ചുപോയി. 31നാണ് പാലക്കാട്ട് മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്.
അപ്പോഴും യുവാവിനെ ആരോഗ്യ വകുപ്പ് വിവരമറിയിച്ചില്ല. 31ന് പാലക്കാട്ടു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 8.30നാണ് രോഗം ബാധിച്ചത് അറിയുന്നത്. അപ്പോഴേക്കും മലപ്പുറം മുണ്ടുപറമ്പില്‍ എത്തിയിരുന്നു.
കൊവിഡ് ബാധിച്ച ഒരാള്‍ പാലക്കാട്ടു നിന്ന് മലപ്പുറത്തേക്ക് യാത്ര ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനു കിട്ടിയിരുന്നെന്നാണ് സൂചന. അവര്‍ മലപ്പുറത്തെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഏറെ പാടുപെട്ടാണ് യുവാവിനെ കണ്ടത്തിയത്. യുവാവ് വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പു ജീവനക്കാരും ജനപ്രതിനിധികളും പൊലിസും ശ്രമം നടത്തി. വീടിന്റെ പരിസരത്തു നിന്നാണ് യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്. രോഗം സ്ഥിരീകരിച്ചാല്‍ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിക്കാറുള്ളത്. എന്നാല്‍ യുവാവ് പാലക്കാട്ടു നിന്നെത്തിയ സ്‌കൂട്ടറില്‍ തന്നെയാണ് മെഡിക്കല്‍ കോളജിലേക്കും പോയത്. ഇതും ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
29ന് യുവാവ് വടക്കുമുറിയിലെ സുഹൃത്തുക്കളുമായി ഇടപഴകിയതായി വിവരമുണ്ട്. ഇതിനു പുറമെ വീട്ടില്‍ താമസിക്കുകയും ചെയ്തു. കൂട്ടുകാരും വീട്ടുകാരും ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ച ദിവസവും യുവാവ് പാലക്കാട്ടെ ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ട്. സാംപിള്‍ നല്‍കിയതിനു ശേഷം യുവാവിനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കാത്തതും വീഴ്ചയാണ്. 31ന് മുഖ്യമന്ത്രി കൊവിഡ് സ്ഥിരീകരികരണം പുറത്തുവിടണമെങ്കില്‍ മണിക്കൂറുകള്‍ക്കു മുന്‍പ് പരിശോധനാഫലം അറിയണം. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം പുറത്തുവിട്ടിട്ടും ആരോഗ്യ വകുപ്പ് യുവാവിനെ വിവരമറിയിച്ചില്ല.
തനിക്കു കൊവിഡ് ബാധിച്ചത് ആരും അറിയിച്ചില്ലെന്നും രോഗവിവരം അറിയാതെയാണ് പാലക്കാട്ടു നിന്ന് മലപ്പുറത്തേക്ക് യാത്ര ചെയ്തതെന്നും യുവാവ് പറഞ്ഞു. 30നും 31നും പരിശോധനാഫലം അന്വേഷിച്ചിരുന്നു. രോഗം ബാധിച്ചതില്‍ ഭയമില്ലന്നും രോഗവിവരം അറിയാന്‍ വൈകിയതില്‍ പ്രയാസമുണ്ടായെന്നും യുവാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."