പാത്രക്കടവിലേക്ക് മദ്യമൊഴുകുന്നു പൊലിസ് പരിശോധന കര്‍ശനമാക്കി
മണ്ണാര്‍ക്കാട്: പ്രകൃതിയുടെ വരദാനമായ പാത്രക്കടവ് സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യം ശക്തമാവുന്നു. ഈ വേനലിന്റെ തുടക്കം മുതലെ നാളിതുവരെയില്ലാത്ത അത്ര സന്ദര്‍ശക പ്രവാഹമാണുളളത്. ജില്ലക്ക് അകത്തും പുറത്തും നിന്നും ദിനം പ്രതി നൂറുകണക്കിനാളുകളാണ് പാത്രക്കടവിന്റെ ദൃശ്യ ഭംഗിയും, കുന്തിപ്പുഴയുടെ കുളിര്‍മയും ആസ്വദിക്കാനെത്തുന്നത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തിന് കണക്കില്ല. നിശബ്ദ താഴ്‌വരയുടെ മടിത്തട്ടിലില്‍നിന്ന് ഒഴുകിയെത്തുന്ന കുന്തിപ്പുഴയില്‍ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പാത്രക്കടവ് സ്ഥിതി ചെയ്യുന്നത്.
പാത്രക്കടവ്, കുരിത്തിച്ചാല്‍ തുടങ്ങിയ സ്ഥലത്തേക്ക് എത്തുന്ന സന്ദര്‍ശകരില്‍ ചിലര്‍ മദ്യവുമായി എത്തുകയും, തുടര്‍ന്ന് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇതോടെ കുടുംബ സമേതമെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവിടെ ദുരനുഭവമാണ് സമ്മാനിക്കുന്നത്. കൂടാതെ പ്രദേശവാസികള്‍ക്കും ഇത് വളരെ പ്രയാസമനുഭവപ്പെടുന്നുണ്ട്.
ഭക്ഷണ സാധനങ്ങളുടെയും മറ്റുളളവയുടെയും അവശിഷ്ടങ്ങള്‍ നീരൊഴുക്ക് കുറഞ്ഞ കുന്തിപ്പുഴയിലേക്ക് എറിയുന്നത് പുഴയുടെ സൗന്ദര്യത്തെയും ബാധിച്ചിട്ടുണ്ട്. കൂടാതെ പുഴവെള്ളത്തെ മലീമസമാക്കുന്നതിനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം പുലര്‍ച്ചെ സംഗീത ഉപകരണങ്ങളുമായെത്തിയ ഒരു സംഘം ആാളുകള്‍ വലിയ ശബ്ദ കോലാഹലങ്ങളുണ്ടാക്കിയത് പരിസര വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും പൊലിസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
പുഴയില്‍ നീരൊഴുക്ക് കുറയുന്നതും, വേനല്‍ രൂക്ഷമാവുന്ന കാലത്തുമാണ് പാത്രക്കടവിലേക്ക് സന്ദര്‍ശകര്‍ ഒഴുകി എത്താറുളളത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും സന്ദര്‍ശകര്‍ അധികമായി എത്തുന്ന സമയങ്ങളില്‍ പൊലിസ് - വനം വകുപ്പ് അധികൃതരുടെ സംയുക്ത കാവലേര്‍പ്പെടുത്തണമെന്നതും കാലങ്ങളായുളള ആവശ്യമാണ്.
സൈലന്റ് വാലി മലമ്പ്രദേശത്തുണ്ടാവുന്ന ചെറിയ മഴക്ക് പോലും കുത്തിയൊലിച്ചെത്തുന്ന മലവെളളത്തില്‍ ഇതിനോടകം സന്ദര്‍ശകരടക്കം നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞിട്ടുളളത്. ദൃശ്യഭംഗി പോലെ തന്നെ അപകടവും കാത്തിരിക്കുന്നു എന്നത് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് അറിയില്ല. ഇതുകൊണ്ട് തന്നെ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം അധികൃതര്‍ സുരക്ഷയും, പരിസ്ഥിതി സംരക്ഷണത്തിനായുളള നടപടിയും ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഒരു പതിറ്റാണ്ട് മുമ്പ് പ്രാരംഭ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പരിസ്ഥിതി വാദികളുടെ സമരമുറകളെ തുടര്‍ന്ന് പ്രസ്തുത പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."