ചൈനയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 28 പേര്‍ വെന്തുമരിച്ചു
ബീജിങ്: മധ്യചൈനയില്‍ ടൂറിസ്റ്റ് ബസിനു തീപിടിച്ച് 28 പേര്‍ വെന്തുമരിച്ചു. ഹുനാന്‍ പ്രവിശ്യയിലെ ഹാന്‍ഷൂ കൗണ്ടിയില്‍ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഹുനാനിലെ തിരക്കേറിയ ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസിനു പൊടുന്നനെ തീപിടിക്കുകയായിരുന്നു. ദുരന്തത്തില്‍ 26 പേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. 59 സീറ്റുള്ള ഡബിള്‍ഡക്കര്‍ ബസില്‍ 53 യാത്രക്കാരും ടൂറിസ്റ്റ് ഗൈഡും രണ്ടു ഡ്രൈവര്‍മാരുമാണുണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവര്‍മാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ജിയാംഗ്‌സു പ്രവിശ്യയിലെ യാന്‍ചെംഗിലുള്ള രാസവള ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍നിന്നു മുക്തമാകും മുന്‍പാണ് മറ്റൊരു പ്രവിശ്യയിലുണ്ടായ ബസപകടം. വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ അറുനൂറോളം പേര്‍ക്കാണു പരുക്കേറ്റത്. ഇതില്‍ 34 പേരുടെ പരുക്ക് ഗുരുതരമാണ്.
ഫാക്ടറിക്കുള്ളിലും സമീപത്തായും ഉണ്ടായിരുന്ന 28 പേരെ കാണാതായിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.50നുണ്ടായ സ്‌ഫോടനത്തില്‍ ഫാക്ടറി കത്തിയമര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നോടെയാണു തീ കെട്ടടങ്ങിയത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപ പ്രദേശങ്ങളില്‍ 2.2 തീവ്രതയുള്ള ഭൂചലനവും രേഖപ്പെടുത്തി. സ്‌ഫോടനത്തിനു പിന്നാലെ വിഷവാതകം പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."