സാറഡുക്കയിലെ ചെക്ക് പോസ്റ്റ് അടച്ചു പൂട്ടി
ബദിയഡുക്ക: കേരളാ-കര്‍ണാടക അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന പൊലിസ് ചെക്ക് പോസ്റ്റ് പൂര്‍ണമായും നീക്കം ചെയ്തു. ഇതോടെ ഇതുവഴി അനധികൃത കടത്ത് സജീവമായതായി പരാതി ഉയര്‍ന്നു.
മൂന്നു പതിറ്റാണ്ടു മുമ്പ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനധികൃത കടത്ത് തടയുന്നതിനു വേണ്ടിയാണു കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശമായ സാറഡുക്കില്‍ കേരളാ പൊലിസ് ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തിയത്.
സാറഡുക്ക ചെക്ക് പോസ്റ്റില്‍ ഷിഫ്റ്റ് പ്രകാരം പൊലിസിന്റെ സേവനം ഉണ്ടായിരുന്നു. ചെക്ക് പോസ്റ്റില്‍ പൊലിസിന്റെ സേവനം നിലവിലുണ്ടായതിനാല്‍ അനധികൃത കടത്തിനും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനും ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞിരുന്നതായി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. സാറഡുക്ക ചെക്ക് പോസ്റ്റ് നിലനിന്നിരുന്ന പ്രദേശത്തിന്റെ ഒരു വശം കേരളവും മറുവശവും കര്‍ണാടകവുമായതു കൊണ്ടു തന്നെ ഇവിടെ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കവും നിത്യ സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ തന്നെ അതിര്‍ത്തി സ്റ്റേഷനിലെ ബദിയഡുക്കയില്‍ നിന്നോ കര്‍ണാടകയിലെ വിട്ട്‌ള പൊലിസ് സ്റ്റേഷനില്‍ നിന്നോ ഇവിടെ എത്തണമെങ്കില്‍ മണിക്കൂറുകള്‍ വേണം.
ഇവിടെ നിന്ന് അതിര്‍ത്തിയിലെ അഡ്ക്കസ്ഥല, പെര്‍ളയിലേക്കും കര്‍ണാടകയിലെ തോറണക്കട്ട, അഡ്യനഡുക്ക, പുണച്ച, കൊല്ലമ്പതവ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം നൂറു കണക്കിന് യാത്രക്കാരാണു കടന്നു പോകുന്നത്. ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശത്തുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."