കരിപ്പൂര്‍, നെടുമ്പാശ്ശേരി നിരക്ക് ഏകീകരണത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍
#അശ്‌റഫ് കൊണ്ടോട്ടി
രണ്ട് വിമാന കമ്പനികള്‍ സര്‍വിസ് നടത്തുന്നത് നിരക്കില്‍ വലിയ അന്തരത്തിന് വഴിയൊരുക്കുമായിരുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളുടെ ഏകീകരണത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍. കരിപ്പൂരില്‍നിന്ന് സഊദി എയര്‍ലൈന്‍സും നെടുമ്പാശ്ശേരിയില്‍നിന്ന് എയര്‍ഇന്ത്യയുമാണ് സര്‍വിസ് നടത്തുന്നത്. ഇരു വിമാന കമ്പനികളും വ്യത്യസ്ത നിരക്കിനാണ് ഹജ്ജ് കരാര്‍ ഏറ്റെടുത്തത്. ഇതോടെയാണ് ടിക്കറ്റ് നിരക്കില്‍ വന്‍ അന്തരം ഉണ്ടാകുന്ന സ്ഥിതി ഉടലെടുത്തത്. ഇതൊഴിവാക്കാനാണ് വ്യോമയാന മന്ത്രാലയം ഇടപെട്ടത്.
കരിപ്പൂര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മുഴുവന ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നും സര്‍വിസിനുള്ള ടെന്‍ഡര്‍ എയര്‍ഇന്ത്യയാണ് ഈ വര്‍ഷം സ്വന്തമാക്കിയത്. സീറ്റിന് 850 ഡോളറിനാണ് കേരളത്തില്‍ നിന്നുള്ള ടെന്‍ഡര്‍ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ ഇതിനേക്കാള്‍ 66 ഡോളര്‍ കൂടുതലാണ് സഊദിഎയര്‍ലൈന്‍സ് നിരക്ക്. ടെന്‍ഡര്‍ എയര്‍ഇന്ത്യക്ക് ലഭിച്ചെങ്കിലും ഇവര്‍ കരിപ്പൂരില്‍ സര്‍വിസിന് തയാറായില്ല. എന്നാല്‍ നെടുമ്പാശ്ശേരി സര്‍വിസ് എയര്‍ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് കരിപ്പൂര്‍ സര്‍വിസ് ഏറ്റെടുക്കാന്‍ സഊദിയോട് എയര്‍ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. എയര്‍ഇന്ത്യയുടെ നിരക്കില്‍ സര്‍വിസ് നടത്താന്‍ കഴിയില്ലെന്ന് സഊദി എയര്‍ലൈന്‍സ് വ്യക്തമാക്കിയതോടെ ഹജ്ജ് നിരക്ക് കേരളത്തില്‍ രണ്ടു തുകയാകുമെന്നായി. ഇതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഇടപെടുകയായിരുന്നു. നിലവില്‍ സഊദി എയര്‍ലൈന്‍സ് ഹജ്ജ് ടെന്‍ഡറില്‍ നല്‍കിയ തുകയേക്കാള്‍ അല്‍പം കുറച്ച് സര്‍വിസ് ഏറ്റെടുക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കരിപ്പൂര്‍, നെടുമ്പാശ്ശേരി നിരക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടാകാനുള്ള സാഹചര്യം ഒഴിവായി.
കരിപ്പൂരിന് പുറമെ, ബംഗളൂരു, മുംബൈ, ലഖ്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സഊദിഎയര്‍ലൈന്‍സാണ് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്തുക. ജമ്മുകശ്മിരില്‍നിന്ന് സ്‌പൈസ് ജെറ്റും സര്‍വിസ് നടത്തും. ഹജ്ജ് ടെന്‍ഡര്‍ ലഭിച്ച വിമാന കമ്പനി മാറിയതിന് ശേഷം വീണ്ടും ടെന്‍ഡറില്‍ മാറ്റം വരുത്തുന്നത് ഇതാദ്യമാണ്. ടെന്‍ഡറിലെ മാറ്റം കേന്ദ്രവ്യോമയാന മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ചേര്‍ന്നാണ് നിശ്ചയിക്കുന്നത്. എയര്‍ഇന്ത്യ സര്‍വിസ് നടത്താത്ത സ്ഥലങ്ങളില്‍ ഇതോടെ ഹജ്ജ് നിരക്കിലും നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."