മുഖം മിനുക്കി ചപ്പാരപ്പടവ് -മടക്കാട് റോഡ്
ആലക്കോട്: ചപ്പാരപ്പടവ്-മടക്കാട് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍കൂടി ഗതാഗതം മുടങ്ങിയതോടെയാണ് 12 ലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ദിവസേന കടന്നുപോകുന്ന റോഡ് തകര്‍ന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വേനല്‍കാലത്തു പോലും ഉറവയുള്ള ഭാഗമായതിനാല്‍ കുഴിയടക്കല്‍ നടത്തിയാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെടുന്നത് തിരിച്ചടിയായി. കുറഞ്ഞ കാലയളവില്‍ നിരവധി വാഹനാപകടങ്ങളും ഇവിടെ നടന്നു. നാട്ടുകാരുടെ ദുരിതം സുപ്രഭാതം വാര്‍ത്തയാക്കിയതോടെയാണ് അധികൃതര്‍ കണ്ണുതുറന്നത്. വാഴകള്‍ നട്ടും ഗതാഗതം തടസപ്പെടുത്തിയും നിരവധി സമരങ്ങള്‍ റോഡില്‍ നടന്നു. റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് വരെ സംഘടിപ്പിച്ചു.
ടാറിങ് പ്രവൃത്തി നടത്തിയാല്‍ മാത്രം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല എന്ന് മനസിലാക്കിയതോടെയാണ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചത്. അഞ്ചര മീറ്റര്‍ വീതിയിലും തൊണ്ണൂറു മീറ്റര്‍ നീളത്തിലുമാണ് നിര്‍മാണം. യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."