പഠനത്തോടൊപ്പം പാട്ടും കളിയും; അധ്യാപക പരിശീലനത്തിന് ഇന്ന് തുടക്കം
എടച്ചേരി: ഏറെ മുന്നൊരുക്കത്തോടെ രൂപപ്പെടുത്തിയ ഉള്ളടക്കങ്ങളോടെ അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടി ഇന്നു തുടങ്ങും.
കേരളത്തിലെ എല്ലാ ജില്ലകളിലും ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് ഇന്നുമുതല്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നടക്കുന്നത്. ലോവര്‍ പ്രൈമറി അധ്യാപകര്‍ക്കും അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കും പ്രത്യേകമായാണ് പരിശീലനം നല്‍കുന്നത്. എല്‍.പിയില്‍ ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് രണ്ടുദിവസം വീതവും, മലയാളം, പരിസര പഠനം, പ്രവൃത്തി പരിചയം, ഐ.ടി എന്നിവയ്ക്ക് ഓരോ ദിവസം വീതവുമാണ് പരിശീലനം നല്‍കുന്നത്. എന്നാല്‍ യു.പി സ്‌കൂള്‍ അധ്യാപകര്‍ക്ക് നാലുദിവസം ഐ.ടിയിലും, നാലുദിവസം രണ്ട് വിഷയങ്ങള്‍ക്കു വീതവുമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ വിഷയങ്ങള്‍ക്കും കളി അധിഷ്ഠിതമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം തയാറാക്കിയിരിക്കുന്നത്.
പഴയ കാലത്തെ ഡി.പി.ഇ.പി പദ്ധതിയെ അനുസ്മരിപ്പിക്കുംവിധം എല്ലാ വിഷയങ്ങള്‍ക്കും അനുയോജ്യമായ തരത്തിലുളള കളികളോടെയാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ട ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിനുള്ള ട്രെയിനിങ് കഴിഞ്ഞ വെള്ളിയാഴ്ചയോടെ ജില്ലാ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.
അതേസമയം ഡി.ആര്‍.ജി പരിശീലനത്തില്‍ അധ്യാപകര്‍ പലയിടങ്ങളിലും വേണ്ടത്ര പങ്കെടുത്തിട്ടില്ല. പങ്കെടുത്തവര്‍ ബി.ആര്‍.സി അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും നേരത്തെ തന്നെ അഭിപ്രായമുണ്ടായിരുന്നു. കളികള്‍ അടിസ്ഥാനമാക്കി നടത്തുന്ന പരിശീലനമായതിനാല്‍ ഓരോ സെന്ററിലും വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ജില്ലാതല ആര്‍.പി മാര്‍ക്കുളള പരിശീലനത്തില്‍ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിലുളളവരാണ് പങ്കെടുത്തത്. എന്നാല്‍ ഒരു സാധാരണ ക്ലാസ് മുറിയില്‍ ഗ്രൂപ്പുതിരിഞ്ഞുളള കളി രീതിയിലുളള പരിശീലന പരിപാടിക്ക് ഏറെ അസൗകര്യമുണ്ടായിരുന്നു.
ബി.ആര്‍.സി തലത്തില്‍ അന്‍പതിനും അറുപതിനും ഇടയിലായിരിക്കും പങ്കാളികളുടെ എണ്ണം.
ഇത്രയും പേര്‍ക്ക് ഒരു ക്ലാസ് മുറിയില്‍ പരിശീലനം നല്‍കുക എന്നത് ഏറെ പ്രയാസമായിരിക്കും. ഓരോ ബി.ആര്‍.സിയിലും ഒരു ഹാള്‍ മാത്രമെ ഉണ്ടായിരിക്കൂ.
ബാക്കി ക്ലാസ് മുറികളിലാവും പരിപാടി നടത്തേണ്ടത്. അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയോ, സ്ഥല ലഭ്യത വര്‍ധിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ പരിശീലനം വേണ്ടത്ര വിജയപ്രദമാവില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."