ഇന്ത്യയുടെ പേരു മാറ്റം; ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരത് എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആക്കി മാറ്റണമെന്നും എല്ലാ രേഖകളിലും ഒരേ പേര് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജി സുപ്രിംകോടതി തള്ളി. ഇക്കാര്യത്തില്‍ കോടതി ഇടപെടില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, ഈ വിഷയം ആവശ്യപ്പെട്ട് ഹരജിക്കാരന് സര്‍ക്കാര്‍ വകുപ്പുകളെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടനയില്‍ രാജ്യത്തെ ഭാരത് എന്നുതന്നെ അഭിസംബോധന ചെയ്യുന്നുണ്ടെന്നും കോടതി പരാമര്‍ശിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് ഋഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ, ചീഫ് ജസ്റ്റിസ് അവധിയിലായതിനാല്‍ രണ്ടു തവണ ഈ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു. ഡല്‍ഹിയിലെ കര്‍ഷകനെന്ന് അവകാശപ്പെട്ട നമാഹ് എന്നയാളായിരുന്നു പൊതുതാല്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്.ഇന്ത്യയുടെ പേര് മാറ്റുന്നതിനായി ഭരണഘടന ഭേദഗതി വരുത്താന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നേരത്തെയും പലതവണ ഇതേ ആവശ്യം ഉന്നയിച്ച് പലരും ഹരജികള്‍ സമര്‍പ്പിച്ചിരുന്നെന്നും അതിലൊന്നും നടപടി ഉണ്ടായിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പും ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി തള്ളിയിരുന്നു. ഹരജിക്കാരെ കോടതി താക്കിത് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."