രണ്ടാഴ്ചക്കിടെ തലസ്ഥാന നഗരിയില്‍ മൂന്നാമത്തെ കൊലപാതകം
തിരുവനന്തപുരം: രണ്ടാഴ്ചക്കിടെ തലസ്ഥാന നഗരിയെ ഞെട്ടിച്ച് മൂന്നാമത്തെ കൊലപാതകം. നഗരത്തില്‍ പിടിമുറുക്കിയ ലഹരി മാഫിയാ സംഘങ്ങളെയും ഗുണ്ടാസംഘങ്ങളെയും അമര്‍ച്ച ചെയ്യുന്നതിന് ഓപ്പറേഷന്‍ ബോള്‍ട്ട് എന്ന പേരില്‍ പൊലിസ് പ്രത്യേക പരിശോധന നടത്തി വരുന്നതിനിടക്കാണ് വീണ്ടും കൊലപാതകം അരങ്ങേറിയത്. ഗുണ്ടുകാട് ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ അനില്‍കുമാര്‍ (40) ആണ് ഞായറാഴ്ച വെട്ടേറ്റ് മരിച്ചത്. രാത്രി പതിനൊന്ന് മണിയോടെ കോളനിയിലേക്കുള്ള വഴിമധ്യേ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകക്കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.
നേരത്തേ കരമന സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് നിഷ്‌ക്രിയമായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബോള്‍ട്ടിന് രൂപം നല്‍കിയത്. എന്നാല്‍ വീണ്ടും കൊലപാതകം ആവര്‍ത്തിച്ചത് പൊലിസ് നടപടിയിലെ പാളിച്ചയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അനില്‍കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഇയാളുടെ അയല്‍വാസി ജീവനാണെന്ന് പൊലിസ് പറയുന്നു. എന്നാല്‍, ഇയാളെ പിടികൂടാനായിട്ടില്ല. ഞായറാഴ്ച രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് ഇവര്‍തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയും ജീവന്‍ അനില്‍ കുമാറിനെ വെട്ടുകയുമായിരുന്നു. ഏതാനും മാസം മുന്‍പ് ജീവന്റെ സഹോദരിയെ അനില്‍ മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിലിനെ ഇവര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്.
കരമന സ്വദേശി അനന്തു ഗിരീഷിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ടാഴ്ചക്കിടെ നഗരത്തെ ഭീതിയിലാക്കിയ മറ്റു രണ്ടു സംഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."