സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: 74 ആദിവാസി യുവാക്കള്‍ പൊലിസിലേക്ക്
തിരുവനന്തപുരം: സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി കേരള പൊലിസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ-യുവാക്കള്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറും.
ഭക്ഷ്യധാന്യങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയും നിയമന ഉത്തരവ് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയും ആദിവാസികളെ പൊലിസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൊലിസില്‍ പട്ടിക വര്‍ഗങ്ങളുടെ പ്രതിനിധ്യം ഏറെ കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത്. വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് തടയുന്നതും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സഹായകമാകും.
22 യുവതികളും 52 യുവാക്കളുമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇതില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദമുള്ള ഏഴ് പേരും ബി.എഡുകാരായ മൂന്നു പേരും ഉള്‍പ്പെടുന്നുണ്ട്.
സ്‌പെഷ്യല്‍ റൂള്‍ അടക്കം ഭേഗഗതി ചെയത് നിയമന നടപടി അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. പലരേയും നേരില്‍ കണ്ട് അപേക്ഷ പൂരിപ്പിക്കലിനടക്കം പി.എസ്.സി ഉദ്യോഗിസ്ഥര്‍ സഹായം നല്‍കി. ആദിവാസികള്‍ക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് ജോലി ലഭിച്ചത്.
പി.എസ്.സി നിയമനത്തിന്റെ ഭാഗമായ ബോണ്ട്, സെക്യൂരിറ്റി എന്നീ വ്യവസ്ഥകളില്‍ ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. പൊലിസ് അക്കാദമിലെ ഒമ്പത് മാസ പരിശീലനത്തിന് ശേഷം ഇവര്‍ യൂനിഫോമണിഞ്ഞ് പൊലീസിന്റെ ഭാഗമാകും.ഇന്ന് വൈകിട്ട് നാലിന് ടാഗോര്‍ ഹാളിലാണ് ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."