കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷ കേരള കാഷ്യൂ ബോര്‍ഡ് രൂപീകരണം പരിഗണനയില്‍
കൊല്ലം: കശുവണ്ടി മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ കേരള കാഷ്യൂബോര്‍ഡ് രൂപീകരണം പരിഗണനയില്‍.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് വ്യവസായത്തെ സംരക്ഷിച്ച് തോട്ടണ്ടി സംഭരണം, ഉല്‍പന്ന വിപണനം, തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നേരിട്ട് തീരുമാനമെടുക്കാവുന്ന സംവിധാനമാണ് ആലോചനയിലുള്ളത്.
കോര്‍പറേഷന്റെയും കാപെക്‌സിന്റെയും സാമ്പത്തികനില ഇപ്പോള്‍ ഭദ്രമാണ്. 80 കോടി ബാങ്ക് ബാധ്യത അടച്ചു തീര്‍ത്തിട്ടുണ്ട്. 65 കോടി രൂപ പ്രവര്‍ത്തന മൂലധനമായി കശുവണ്ടി മേഖലയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു.
സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനാല്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും തയാറായിട്ടുണ്ട്. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ഇതിന്റെ വിനിയോഗത്തിന് പദ്ധതി രൂപരേഖ തയാറാക്കുന്നതിന് വ്യവസായ ബന്ധസമിതി വിളിച്ചു ചേര്‍ക്കും.
തോട്ടണ്ടി ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കും. കാഷ്യൂ കോര്‍പ്പറേഷന്റെ വിവിധ ഫാക്ടറികളിലെ 90 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ആരംഭിക്കും.
ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ സംരംഭത്തിലെ ഓഹരി പങ്കാളിത്തമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക്, ദേശസാത്കൃത ബാങ്ക് പ്രതിനിധികളുടെ യോഗം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."