ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍
കോഴിക്കോട്: തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വന്‍ പ്രചാരണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍. യുവാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ കോടികള്‍ മുടക്കിയുള്ള പ്രചാരണത്തിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ യുവാക്കളിലേക്ക് എത്തിക്കുന്നത്. ഇതുവരെ സി.പി.എം അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് ന്യൂ ജനറേഷന്‍ വിമര്‍ശനങ്ങളെ സി.പി.എം നേരിട്ടിരുന്നതെങ്കില്‍ പരസ്യ ഏജന്‍സികള്‍ മുഖേന സോഷ്യല്‍ മീഡിയകളില്‍ സ്വാധീനം ഉറപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
ഇതുകൂടാതെ സര്‍ക്കാര്‍ നേട്ടങ്ങള്‍ നിരത്തുന്ന വലിയ പരസ്യ ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കും.
ഓരോ ജില്ലയിലും 10ല്‍ കുറയാത്ത വന്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആകെയുള്ളതിന്റെ 30 ശതമാനം വൈദ്യുതീകരിച്ച പരസ്യ ബോര്‍ഡുകള്‍ ആയിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം വന്‍ പരസ്യ ബോര്‍ഡുകള്‍ വിവിധ ജില്ലകളില്‍ സ്ഥാപിക്കുന്നതിനായി പബ്ലിക് റിലേഷന്‍ വകുപ്പ് പരസ്യ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്.
സാധാരണ ഭരണകാലാവധിയുടെ അവസാന വര്‍ഷങ്ങളിലാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാരുകള്‍ വിപുലമായ പ്രചാരണത്തിന് ശ്രമിക്കാറുള്ളൂവെങ്കിലും ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ വന്‍ പ്രചാരണത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത് വിവാദങ്ങള്‍ ഉയര്‍ത്തിയ പ്രതിസന്ധി തന്നെയാണ്. വിവാദങ്ങള്‍ മാത്രം മാധ്യമങ്ങള്‍ക്കു വിഷയമാകുമ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികള്‍ ജനങ്ങള്‍ അറിയാതെ പോകുകയാണെന്നാണ് സര്‍ക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. അതേസമയം ജിഷ്ണു പ്രണോയി വിഷയത്തില്‍ പി.ആര്‍.ഡി. പത്രങ്ങളില്‍ നല്‍കിയ പരസ്യം വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പരസ്യവുമായി സര്‍ക്കാര്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."