വിവിപാറ്റ് മെഷിനുകള്‍ക്കായി ഫണ്ട് അനുവദിക്കണമെന്ന് തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി വിവി പാറ്റ് വോട്ടിങ് മെഷിനുകള്‍ ഏര്‍പ്പെടുത്താന്‍ ഫണ്ട് അനുവദിക്കണമൊവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. വോട്ട് ചെയ്താല്‍ ആര്‍ക്കാണെന്ന് വ്യക്തമാകുന്ന പേപ്പര്‍ ട്രയല്‍ മെഷിനുകള്‍(വിവിപാറ്റ്) സജ്ജീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ നസിം സെയ്ദി പറഞ്ഞു.
കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായ ക്രമക്കേടുണ്ടായെന്ന പേരില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നൂതനമായ വിവി പാറ്റ് മെഷിനുകള്‍ അവതരിപ്പിച്ച് ആരോപണങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴത്തെ വോട്ടിങ് മെഷിന്‍ സംബന്ധിച്ച് വലിയതോതിലുള്ള ആക്ഷേപമാണ് ഉന്നയിച്ചത്. ഇത്തരത്തിലുള്ള ആക്ഷേപം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാന്‍ പാട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മെഷിന്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അട്ടിമറിയുണ്ടായതായി ചൂണ്ടിക്കാട്ടി ബി.എസ്.പി, ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കൂടാതെ രാജ്യത്തെ 16 രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിങ് മെഷിനില്‍ ക്രമക്കേട് നടത്താമെന്ന ആരോപണവും ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സുതാര്യതയുണ്ടാകാന്‍ പഴയ രീതിയിലുള്ള പേപ്പര്‍ ബാലറ്റ് സമ്പ്രദായം കൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വിവിപാറ്റ് മെഷിന്‍ കൊണ്ടുവരുന്നതിനായി നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു. 2018 സെപ്തംബറിന് മുന്‍പ് ഇത്തരം മെഷിനുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയെന്നത് അസാധ്യമാണെന്നും അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പുതിയ മെഷിനുകള്‍ അവതരിപ്പിക്കാമെന്നുമാണ് കമ്മിഷന്‍ തീരുമാനിച്ചത്. 2019ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് മെഷിന്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അതിനായിട്ടാണ് വീണ്ടും നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയതെന്നും നസീം സെയ്ദി അറിയിച്ചു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 ലക്ഷം പേപ്പര്‍ ട്രയല്‍ മെഷിന്‍ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കുന്നത്. ഇതിന് ഏതാണ്ട് 3,174 കോടി രൂപ ചെലവ് വരും. വോട്ട് ചെയ്താല്‍ വോട്ടര്‍ ഉദ്ദേശിച്ച ആള്‍ക്കുതന്നെയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് ലഭ്യമാക്കുന്ന മെഷിനാണ് വിവി പാറ്റ്. ഈ സ്ലിപ്പ് ബൂത്തില്‍ സജ്ജീകരിച്ച പെട്ടിയില്‍ നിക്ഷേപിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ പരിശോധിക്കുന്നതിനുവേണ്ടിയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."