ബാഡ്മിന്റണില്‍ ഇന്ത്യക്ക് സൂപ്പര്‍ സണ്‍ഡേ
സിംഗപൂര്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സായ് പ്രണീതിന്
സിംഗപൂര്‍: ചരിത്രമായി മാറിയ ഇന്ത്യന്‍ താരങ്ങളുടെ ഫൈനല്‍ പോരാട്ടത്തില്‍ സായ് പ്രണീതിന് കിരീടം. സിംഗപൂര്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ പരാജയപ്പെടുത്തി സായ് കന്നി സൂപ്പര്‍ സീരീസ് കിരീടത്തില്‍ മുത്തമിട്ടത്. ഒരു സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്ന പോരാട്ടമെന്ന ചരിത്രം എഴുതി ചേര്‍ത്താണ് മത്സരം അവസാനിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരില്‍ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനല്‍ പ്രവേശം തന്നെ കിരീട നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ പ്രണീതിന് സാധിച്ചു. സ്‌കോര്‍: 17-21, 21-17, 21-12.
54 മിനുട്ടുകള്‍ നീണ്ട ഇന്ത്യന്‍ താരങ്ങളുടെ കലാശപ്പോരിലെ ആദ്യ സെറ്റ് കെ ശ്രീകാന്ത് സ്വന്തമാക്കി. ഗോപീചന്ദിന്റെ അക്കാദമിയില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നതിനാല്‍ ഇരുവര്‍ക്കും എതിരാളിയുടെ പഴുതുകള്‍ മനഃപാഠം. അതുകൊണ്ടു തന്നെ പോരാട്ടം കടുത്തു. ആദ്യ സെറ്റില്‍ മികച്ച സ്മാഷുകള്‍ ഉതിര്‍ത്ത് ശ്രീകാന്ത് പോയിന്റുകള്‍ നേടി. പ്രണീതിന്റെ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ക്ക് മികച്ച റിട്ടേണുകള്‍ നല്‍കാനും ശ്രീകാന്തിന് സാധിച്ചു. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ശ്രീകാന്ത് 11-7 എന്ന സ്‌കോറില്‍ ലീഡ് ചെയ്തു. പിന്നീട് പ്രണീത് തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും അഞ്ച് പോയിന്റുകള്‍ തുടര്‍ച്ചയായി നേടി ശ്രീകാന്ത് ആദ്യ സെറ്റ് പിടിച്ചു.
രണ്ടാം സെറ്റിന്റെ തുടക്കത്തിലും ശ്രീകാന്ത് മുന്നില്‍ നിന്നു. 4-1 എന്ന നിലയില്‍ ശ്രീകാന്ത് മുന്നേറി. എന്നാല്‍ പോരാട്ടം കടുപ്പിച്ച പ്രണീത് 7-7 എന്ന നിലയിലും 10-10 എന്ന നിലയിലും ഇഞ്ചോടിഞ്ച് പൊരുതി പോയിന്റ് പിടിച്ചതോടെ മത്സരം ആവേശകരമായി. പിന്നീട് മികച്ച മുന്നേറ്റമാണ് പ്രണീത് നടത്തിയത്. 20-17 എന്ന നിലയില്‍ പ്രണീത് മുന്നില്‍ നില്‍ക്കെ ശ്രീകാന്തിന്റെ സര്‍വിസ് പിഴച്ചതോടെ രണ്ടാം സെറ്റ് പ്രണീത് സ്വന്തമാക്കി.
പോരാട്ടം 1-1 നിലയില്‍ തുല്ല്യമായതോടെ അവസാന സെറ്റ് നിര്‍ണായകമായി. തുടക്കം മുതല്‍ പ്രണീതിന്റെ കൈവശമായിരുന്നു മത്സരം. 7-3 എന്ന നിലയില്‍ ലീഡുമായി പ്രണീത് കുതിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ പ്രണീതിന്റെ ലീഡ് 11-5 എന്ന സുരക്ഷിതാവസ്ഥയില്‍. മൂന്നാം സെറ്റിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രണീതിന്റെ കോര്‍ട്ടിലെ താളം തെറ്റിക്കാന്‍ ശ്രീകാന്തിനു സാധിച്ചില്ല. 19-12 എന്ന നിലയില്‍ രണ്ടു പോയിന്റുകള്‍ അടുപ്പിച്ചെടുത്ത് പ്രണീത് കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൈപ്പിടിയിലാക്കി.
കഴിഞ്ഞ വര്‍ഷം അവസാനം കാനഡ ഓപണ്‍ ഗ്രാന്‍ പ്രീ കിരീടം സ്വന്തമാക്കിയ താരമാണ് സായ് പ്രണീത്. ഈ വര്‍ഷം സയ്യിദ് മോദി ഗ്രാന്‍ പ്രീ പോരാട്ടത്തിന്റെ ഫൈനലിലെത്താനും സായ് പ്രണീതിന് സാധിച്ചിരുന്നു.
അഭിമാനമായി ഇന്ത്യന്‍ പെണ്‍കുട്ടികള്‍
ജകാര്‍ത്ത: അന്താരാഷ്ട്ര ജൂനിയര്‍ ഗ്രാന്‍ പ്രീ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ അണ്ടര്‍ 15 വിഭാഗം പെണ്‍കുട്ടികളുടെ ഫൈനലിലും ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നു. പരിശീലകന്‍ ഗോപീചന്ദിന്റെ മകള്‍ ഗായത്രി ഗോപീചന്ദും സമിയ ഇമദ് ഫാറൂഖിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ വിജയവും കിരീടവും ഗായത്രി സ്വന്തമാക്കി.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 21-11, 18-21, 21-16 എന്ന സ്‌കോറിനാണ് ഗായത്രിയുടെ വിജയം.
ഗായത്രിയും സമിയയും ചേര്‍ന്ന സഖ്യം ഡബിള്‍സ് കിരീടവും നേടി. ഇന്തോനേഷ്യന്‍ താരങ്ങളായ കെല്ലി ലാറിസ്സ- ഷെലാന്‍ഡ്രി വ്യോള സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്.
സ്‌കോര്‍: 21-17, 21-15. സെമിയില്‍ ഇന്ത്യയുടെ മേഘ്‌ന റെഡ്ഡിയും കവിപ്രിയ സെല്‍വനും ചേര്‍ന്ന സഖ്യത്തെ കീഴടക്കിയാണ് ഇന്തോനേഷ്യന്‍ സഖ്യം ഫൈനലിലെത്തിയത്. മേഘ്‌ന- കവിപ്രിയ സഖ്യം വെങ്കലം നേടി.
സൈന നേഹ്‌വാളിനും പി.വി സിന്ധുവിനും കിഡംബി ശ്രീകാന്തിനും ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ നേട്ടങ്ങളെന്ന് പരിശീലകന്‍ ഗോപീചന്ദ് മത്സര ശേഷം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."