ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച യു.ഡി.എഫ് ആരോപണം രാഷ്ട്രീയപ്രേരിതമെന്ന്
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന യു.ഡി.എഫ് പ്രചാരണം അടിസ്ഥാരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എല്‍.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14ന് കട്ടിപ്പാറയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുബങ്ങളെ മാറ്റിത്താമസിപ്പിക്കാനും ദുരന്തത്തില്‍ മരണമടഞ്ഞ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിലും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണസമിതിയും റവന്യു വകുപ്പും ജില്ലാ ഭരണകൂടവും മികച്ച ഇടപെടലാണ് നടത്തിയിരുന്നതെന്ന് ദുരിതബാധിതരായ കുടുംബങ്ങളടക്കം എല്ലാവരും അംഗീകരിച്ച വസ്തുതയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും അവസാന മൃതദേഹം കണ്ടെടുക്കുന്നത് വരെ എല്ലാ ദിവസവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കൂട്ടിയോജിപ്പിച്ച് സര്‍വകക്ഷി യോഗം ചേര്‍ന്ന് ഓരോ ദിവസങ്ങളിലും നടന്ന രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. അന്നൊന്നും യാതൊരു ആരോപണങ്ങളും ആരും ഉന്നയിച്ചിട്ടില്ല.
18ന് രാവിലെ പ്രദേശവാസികളെയും കാണാതായവരുടെ ബന്ധുക്കളെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും യോഗം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചിരുന്നു. അതനുസരിച്ച് അവര്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി. അന്ന് ഉച്ചക്ക് പഞ്ചായത്ത് ഹാളില്‍ സ്ഥിഗതികള്‍ വിലയിരുത്തുതിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അവസാന മൃതദേഹവും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ തിരച്ചില്‍ നിര്‍ത്തുകയാണെന്ന് പ്രചരിപ്പിച്ച് ഒരുപറ്റം ചെറുപ്പക്കാരെ യോഗത്തില്‍ കയറ്റിവിട്ട് എം.എല്‍.എയെ കൈയേറ്റം ചെയ്യാനും യേഗം തടസപ്പെടത്താനുമാണ് യു.ഡി.എഫ് ശ്രമിച്ചത്.
എല്ലാവരും യോജിച്ച് നടത്തിയിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തെ രാഷ്ടീയ ദുഷ്ടലാക്കോടെ കാണുന്ന യു.ഡി.എഫ് തന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്നും ദുരിതാശ്വസ പ്രവര്‍ത്തനത്തിനായി തുടര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായ സഹകരണമുണ്ടാകണമെന്നും എല്‍.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ടി.സി വാസു, കെ.ആര്‍ രാജന്‍, സി.പി നിസാര്‍, കെ.വി സെബാസ്റ്റ്യന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."