കാസര്‍കോട് വിജയിക്കാന്‍ സ്വന്തം കോട്ട കാക്കണം
#വി.കെ പ്രദീപ്
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കണമെങ്കില്‍ കൈവശമുള്ള കോട്ടകള്‍ കാത്തുകൊണ്ട് എതിര്‍ കോട്ടകള്‍ പൊളിക്കണം. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രവീശ തന്ത്രി കുണ്ടാര്‍ കൂടിയെത്തിയതോടെ ഇവിടെ ത്രികോണ മത്സര ചിത്രം തെളിഞ്ഞു. കോട്ട കാക്കാന്‍ പാകത്തിലുള്ള സ്ഥാനാര്‍ഥികളെയാണ് മൂന്ന് മുന്നണികളും രംഗത്തിറക്കിയിട്ടുള്ളത്. എത്രത്തോളം എതിര്‍ കോട്ടകള്‍ പൊളിക്കുന്നു എന്നതാണ് ഇവര്‍ക്ക് വിജയത്തിലേക്ക് വഴി തുറക്കുക.
മൂന്നുതവണ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ഇടത് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയിലും രണ്ടു തവണ തൃക്കരിപ്പൂര്‍ എം.എല്‍.എ എന്ന നിലയിലും മണ്ഡലത്തില്‍ സുപരിചിതനാണ്.
ലോക്‌സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങളായ കല്ല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവ ഇടതു കോട്ടകളാണ്. ഈ മണ്ഡലങ്ങളിലെ ഇടതു വോട്ടുകള്‍ ചോരാതെ കാക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാജ്‌മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് കളത്തിലിറക്കിയതോടെ ഇടത് കോട്ടകള്‍ കുലുക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്.
വോട്ടെടുപ്പിന് ഇനി 28 നാള്‍ കൂടിയുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസിലെ ശക്തനായ ഈ പോരാളിക്ക് ഇടതു കോട്ടകള്‍ വാക് ചാരുതിയില്‍ തകര്‍ക്കാനാകുമോയെന്നാണ് കണ്ടറിയേണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ വലിയ ഭൂരിപക്ഷം കണ്ടെത്താന്‍ രാജ്‌മോഹന് കഴിയണം. കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ കേരളമറിയുന്ന രാജ്‌മോഹന്‍ മികച്ച സ്ഥാനാര്‍ഥിയാണ്.
പെരിയ കല്ല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട സംഭവം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാല്‍, ഉദുമ മണ്ഡലത്തില്‍ മാത്രമേ അതിന്റെ അലയൊലി ഉണ്ടാകൂ എന്നും കൊലപാതകത്തെ തള്ളിപ്പറഞ്ഞതിനാല്‍ വോട്ടെടുപ്പിനെ ബാധിക്കില്ലെന്നുമാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. എന്നാല്‍, കൊലപാതകം ഇടതുമുന്നണിയെ ബാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ സി.പി.എം എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന ഉദുമ മണ്ഡലത്തില്‍ ഇക്കുറി ഇടത് വോട്ടില്‍ വിള്ളലുണ്ടാക്കാനാണ് യു.ഡി.എഫ് തന്ത്രം മെനയുന്നത്. കല്ല്യോട്ടെ കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള പ്രചാരണമാണ് വലതുമുന്നണി നടത്തുന്നത്. ഉദുമയെന്ന ഇടതുകോട്ടയില്‍ ലീഡ് നേടാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ വിശ്വാസം.
യു.ഡി.എഫ് എം.എല്‍.എമാര്‍ വിജയിച്ച് കയറിയ കാസര്‍കോട്ടും മഞ്ചേശ്വരത്തും ലീഡെടുക്കാനാവുമെന്ന വിശ്വാസവും അവര്‍ക്കുണ്ട്. മഞ്ചേശ്വരത്ത് പക്ഷേ, 89 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഉണ്ടായിരുന്നത്.
ജില്ലയുടെ വടക്കന്‍ മേഖലയിലെ മുള്ളേരിയ കുണ്ടാറിലെ ബി.ജെ.പി നേതാവ് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കന്നഡ മേഖലയിലെ വോട്ടുകള്‍ ഏകീകരിക്കുകയാണ് ബി.ജെ.പി ലക്ഷ്യം.
കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ച് രണ്ടിടത്തും വോട്ടുയര്‍ത്താനാണ് ഈ സംസ്ഥാന കമ്മിറ്റി അംഗത്തിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്. ഇതേ വികാരം ഇളക്കി വിട്ട് അഞ്ചു മണ്ഡലങ്ങളിലും വോട്ടുയര്‍ത്തിയാല്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഉറപ്പിക്കാനാവുമെന്നും കരുതുന്നു. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ഒന്നാമതെത്തുകയാണ് ബി.ജെ.പിയുടെ മറ്റൊരു ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."