കോട്ടയം ജില്ലാപഞ്ചായത്ത്: രാഷ്ട്രീയ ചുഴിയില്‍പ്പെട്ട് ജോസ് പക്ഷം
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ മുന്നണി വിടേണ്ടി വന്നാലും നിലപാടില്‍ മാറ്റം വേണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം വന്നതോടെയാണ് ജോസ് വിഭാഗം നിലപാട് കടുപ്പിച്ചത്. കോണ്‍ഗ്രസ് നിര്‍ദേശത്തില്‍ രാഷ്ട്രീയ തീരുമാനം എടുക്കാന്‍ ജോസ് വിഭാഗം നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി.കോണ്‍ഗ്രസ് തീരുമാനം ജോസ് പക്ഷത്തെ രാഷ്ട്രീയ ചുഴില്‍ വീഴ്ത്തിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാന്‍ എഴുതി തയാറാക്കിയ കരാര്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തീരുമാനത്തിനെതിരേ ജോസ് വിഭാഗം നിലപാട് കടുപ്പിച്ചത്. ജോസഫിനൊപ്പം നില്‍ക്കുന്ന രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും മാണി വിഭാഗം നല്‍കിയ സീറ്റില്‍ മത്സരിച്ച് ജയിച്ചവരാണ്. അതുകൊണ്ടു തന്നെ അധ്യക്ഷസ്ഥാനത്തിന് ജോസഫ് വിഭാഗത്തിന് അര്‍ഹതയില്ലെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.കോണ്‍ഗ്രസ് തീരുമാനം വന്നതോടെ ജോസഫ് പക്ഷം ആഹ്ലാദത്തിലാണ്. തങ്ങളെ കോണ്‍ഗ്രസ് അംഗീകരിച്ചു എന്നതാണ് ജോസഫ് പക്ഷം നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്.
രാഷ്ട്രീയമായ തിരിച്ചടിയായാണ് കോണ്‍ഗ്രസ് തീരുമാനത്തെ ജോസ് പക്ഷം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ സ്വന്തം തട്ടകത്തില്‍ ഉണ്ടാകുന്ന കനത്ത തിരിച്ചടിയെ മറികടക്കാന്‍ രാഷ്ട്രീയമായ നിലനില്‍പ്പിനായി അന്തിമതീരുമാനം എടുക്കാനുള്ള ആലോചനകളിലാണ്. കോണ്‍ഗ്രസ് നിര്‍ദേശത്തില്‍ ഇന്ന് ജോസ് പക്ഷം അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്
വിഭാഗത്തിനു നല്‍കണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പി.ജെ ജോസഫ് ഗ്രൂപ്പിന് നല്‍കണമെന്ന ഉറച്ച നിലപാടെടുത്ത് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ഒരു വര്‍ഷം പി.ജെ ജോസഫ് വിഭാഗത്തിനു നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കോണ്‍ഗ്രസ് ഉണ്ടാക്കിയ ഊ ധാരണ ലംഘിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന പൊതു ചര്‍ച്ചയാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്നത്. അതിനാല്‍ വിഷയം അടിയന്തരമായി യു.ഡി.എഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഘടകക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കു ചുമതലയും നല്‍കി. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തെയും സഹകരിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."