ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം; ആറുപേര്‍ക്കു പരുക്ക്
ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഒരിടവേളയ്ക്കു ശേഷം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന ഭീതി ശക്തിപ്പെടുത്തി ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം. വടക്കന്‍ ടെല്‍അവീവിലെ കാര്‍ഷിക നഗരമായ മിശ്‌മെരിത്തില്‍ ജനവാസ കേന്ദ്രമായ ഷാരോണിലാണ് സംഭവം. ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നിട്ടുണ്ട്. ആറുപേര്‍ക്കു പരുക്കേറ്റു. ആറുപേരും ഒരേകുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല. ആക്രണണത്തിനു പിന്നാലെ കാതടപ്പിക്കുന്ന തരത്തില്‍ ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌റാഈലില്‍ അടുത്തമാസം ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടാകുന്നത്. ആക്രമണ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞടുയന്‍ ആക്രമണത്തിനു പിന്നില്‍ ഫലസ്തീന്‍ സംഘടനകളാണെന്ന് ആരോപിച്ച നെതന്യാഹു തന്റെ അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്‌റാഈലിലേക്കു മടങ്ങി. അമേരിക്കയിലെ ജൂത സംഘടനാ നേതാക്കളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച വെട്ടിച്ചുരുക്കിയാണ് നെതന്യാഹുവിന്റെ മടക്കം.ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ ഇസ്‌റാഈല്‍ വിദേശകാര്യ വക്താവ് ഇമ്മാനുവല്‍ നഹ്‌ഷോന്‍ ട്വിറ്ററില്‍ പങ്കുവച്ചു.
ഇസ്‌റാഈലിലേക്ക് ഫലസ്തീന്‍ ഭീകരര്‍ മനപ്പൂര്‍വം നടത്തിയ ആക്രമണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഗസ്സയില്‍ നിന്നാണ് റോക്കറ്റ് വന്നതെന്ന് ഇസ്‌റാഈലി സൈനിക വൃത്തങ്ങളും പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ഈ മാസം 14നും ടെല്‍അവീവ് ലക്ഷ്യംവച്ച് റോക്കറ്റാക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ പങ്കില്ലെന്ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനകളായ ഹമാസും ഇസ്‌ലാമിക് ജിഹാദും അറിയിച്ചിരുന്നുവെങ്കിലും ഇതിനു പ്രത്യാക്രമണമായി ഗസ്സക്കു നേരെ ഇസ്‌റാഈല്‍ മിസൈലുകള്‍ തൊടുത്തുവിട്ടു. ഏതാനും ഫലസ്തീനികള്‍ക്കു സംഭവത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലത്തെ ആക്രമണം.
ആക്രമണത്തിനു പിന്നാലെ അതിര്‍ത്തികളില്‍ ജാഗ്രത പ്രഖ്യാപിച്ച ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍നിന്ന് 10 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലുള്ള ഇസ്‌റാഈലില്‍ പുതിയൊരു ആക്രമണത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുമെന്നു സൂചന നല്‍കിയ നെതന്യാഹു, ആക്രമണത്തിനു ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇസ്‌റാഈലില്‍ നിന്ന് ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്‌ലാമിക് ജിഹാദ് വക്താവ് സിയാദ് അല്‍ നഖ്‌ല മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."