ഖത്തറിലേക്കുള്ള യാത്രക്കാരിയുടെ പാസ്‌പോര്‍ട്ട് ബഹ്‌റൈന്‍ യാത്രക്കാരന്റെ ബാഗില്‍ കുടുങ്ങി, വാട്‌സ്ആപ്പിന്റെ സഹായത്തോടെ തിരിച്ചുകിട്ടി
മനാമ: ഖത്തറിലേക്കുള്ള യാത്രക്കിടെ മലയാളി യാത്രക്കാരിയുടെ പാസ്‌പോര്‍ട്ട് ബഹ്‌റൈന്‍ യാത്രക്കാരന്റെ ബാഗില്‍ കുടുങ്ങി. ഒടുവില്‍ തുണയായത് ബഹ്‌റൈനിലെ സാമൂഹ്യപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് ഖത്തറിലേക്ക് കരിപ്പൂര്‍ വഴി പുറപ്പെട്ട കോഴിക്കോട് വെള്ളായിക്കോട് സ്വദേശികളായ കുടുംബത്തിലെ 14 കാരിയുടെ പാസ്‌പോര്‍ട്ടാണ് ബഹ്‌റൈനിലേക്ക് പുറപ്പെട്ട ശിഹാബിന്റെ ബാഗിലകപ്പെട്ടത്. ബഹ്‌റൈനില്‍ വിമാനമിറങ്ങിയ ശേഷമാണ് ഇത് ശിഹാബിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
എയര്‍പോര്‍ട്ടിലുടനീളം പാസ്‌പോര്‍ട്ടിന്റെ ഉടമയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് ശിഹാബിന്റെ സുഹൃത്തായ മുസ്ഥഫ കുന്നുമ്മലിനോട് വിഷയമവതരിപ്പിച്ചത്. മുസ്ഥഫ ഇക്കാര്യം താനുള്‍പ്പെട്ട ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ 'ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറം' എന്ന ഗ്രൂപ്പില്‍ അവതരിപ്പിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണാനായത്.
കോഴിക്കോട് ജില്ലയിലെ വെള്ളായിക്കോട് സ്വദേശിയായ ഫാത്വിമ ഹിബ(14) യുടേതായിരുന്നു നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടിലെ വിവരങ്ങളുമായി നാട്ടിലെയും ബഹ്‌റൈനിലെയും എയര്‍പോര്‍ട്ട് അധികൃതരുമായും സ്റ്റാഫുമായും നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടി കുടുംബത്തോടൊപ്പം ഖത്തറിലേക്കുള്ള യാത്രക്കാരിയാണെന്നും കണക്ഷന്‍ വിമാനം വഴി അവര്‍ ഖത്തറിലേക്ക് പുറപ്പെട്ടുവെന്നും അറിഞ്ഞു.
ഇതിനിടെ, ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ഹിബയും കുടുംബവും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ എമിഗ്രേഷനില്‍ കുടുങ്ങിയിരിക്കുകയായിരുന്നു.
തുടര്‍ന്ന് ബഹ്‌റൈനില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വൈയ്‌സിലെ ഒരു യാത്രക്കാരന് മുഖേനെയാണ് പാസ്‌പോര്‍ട്ട് ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിച്ചത്.
വൈകാതെ പാസ്‌പോര്‍ട്ട്് കൈപ്പറ്റിയതായും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും കുട്ടിയുടെ ബന്ധുക്കളുടെ സന്ദേശവും കൂടി ഗ്രൂപ്പിലെത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്. എന്നാല്‍ ഈ കുട്ടിയുടെ പാസ്‌പോര്‍ട്ട് എങ്ങിനെ മറ്റൊരു യാത്രക്കാരന്റെ ബാഗിലെത്തി എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടി തന്നെ ബാഗ് അറിയാതെ വച്ചതാവുമെന്നാണ് കരുതുന്നത്.
ഗ്രൂപ്പ് അഡ്മിന്‍ എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, ലത്തീഫ് ആയഞ്ചേരി, ഫൈസല്‍ വെളിയങ്കോട്, ബഷീര്‍ അന്പലായി, സുബൈര്‍ ഫ്രീഡം, സുബൈര്‍ കണ്ണൂര്‍, നൂറുദ്ധീന്‍, ശജീര്‍, സുധീര്‍, ജോണ്‍ പനക്കല്‍, നാസര്‍ മഞ്ചേരി, നജീബ് കടലായി, ഖാസിം റഹ് മാനി, സിയാദ്, വി.കെ സൈതാലി, ഗഫൂര്‍ കൈപ്പമംഗലം, കെ.ടി സലീം, റഷീദ് മാഹി, കുളമുള്ളതില്‍ കരീം, റാഷിദ് കണ്ണങ്കോട്, ശാക്കിര്‍ തുടങ്ങി നിരവധി പേരാണ് വാട്‌സ്ആപ്പില്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചതും സഹായ സഹകരണങ്ങള്‍ നല്‍കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."