നൂറേക്കര്‍ സ്ഥലത്ത് ആയുര്‍വേദ ഗവേഷണകേന്ദ്രം: മുഖ്യമന്ത്രി
കണ്ണൂര്‍: ജില്ലയില്‍ നൂറേക്കര്‍ സ്ഥലത്ത് ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കാലഘട്ടത്തിനനുസരിച്ചാണ് ഇതിനു പദ്ധതി തയാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഓഗസ്റ്റ് 15നകം എല്ലാ അനുമതികളും നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ തന്നെ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങും.
ഭാവിയില്‍ വികസനത്തിനു തടസമാകുന്ന സാഹചര്യത്തില്‍ ഉഡാന്‍ പദ്ധതിയില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കിയാല്‍ തീരുമാനിച്ചിരിക്കുകയാണ്. വിദേശ വിമാക്കമ്പനികള്‍ക്കു യാത്രാസീറ്റുകള്‍ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയോടും കേന്ദ്ര വ്യോമയാന മന്ത്രിയോടും സംസാരിച്ചിട്ടുണ്ട്. അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ കണ്‍സല്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. എല്ലാ കാലവസ്ഥയെയും പഠിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ ഇവര്‍ക്കു ഒരുവര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കണ്ണൂര്‍ ബൈപാസുമായി ബന്ധപ്പെട്ട് ത്രിഡി വിജ്ഞാപനമായിട്ടുണ്ട്. മറ്റു നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രഖ്യാപിച്ച ഫ്‌ളൈ ഓവര്‍ പദ്ധതിയും നടപ്പാക്കാന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി വ്യവസായികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.
എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ടി.വി രാജേഷ് എം.എല്‍.എ, പി. ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എം. പ്രകാശന്‍, എന്‍. ചന്ദ്രന്‍ എന്നിവരും വിവിധ മേഖലയില്‍ നിന്നുള്ള ഇരുന്നൂറോളം വ്യവസായികളും യോഗത്തില്‍ പങ്കെടുത്തു. മാധ്യമങ്ങളെ ഒഴിവാക്കി ബര്‍ണശ്ശേരി നായനാര്‍ അക്കാദമിയിലായിരുന്നു വ്യവസായികളുമായി മുഖ്യമന്ത്രിയുടെ രണ്ടുമണിക്കൂര്‍ കൂടിക്കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."