കാമറയ്ക്കു മുന്നില്‍ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ബി.ജെ.പിയുടെ ടിക് ടോക് നേതാവ് സൊണാലി ഫോഗറ്റ്
ന്യൂഡല്‍ഹി: ഹരിയാനയില്‍ കാമറയ്ക്കു മുന്നില്‍ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച് ബി.ജെ.പിയുടെ ടിക് ടോക് നേതാവ് സൊണാലി ഫോഗറ്റ്. ഉദ്യോഗസ്ഥന് പറഞ്ഞത് ഇഷ്ടപ്പെടാത്ത സൊണാലി ചെരിപ്പെടുത്ത് അദ്ദേഹത്തെ തുടരെ തുടരെ അടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട സൊണാലി ഏതാനും കര്‍ഷകരുടെ പരാതിയുമായി അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി മെംബര്‍ സുല്‍ത്താന്‍ സിങിനെ കാണാന്‍ എത്തിയതായിരുന്നു.
സംസാരിക്കുന്നതിനിടെ ഉദ്യോഗസ്ഥന്റെ മറുപടിയില്‍ ക്ഷുഭിതയായ സൊണാലി തട്ടിക്കയറുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ചെരുപ്പുകൊണ്ട് തുടരെ തുടരെ അടിക്കുന്ന സൊണാലിയോട് ഉദ്യോഗസ്ഥന് മാപ്പ് പറയുന്നതും പരാതി പരിഗണിച്ച് പരിഹരിക്കാമെന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
'എന്റെ മുഖത്തു നോക്കി സംസാരിക്കൂ... നിങ്ങള്‍ക്കെന്നെ അറിയമോ എന്ന് അവര്‍ ചോദിച്ചു. അദംപുരില്‍ നിന്നു മല്‍സരിച്ചത് തനിക്കറിയാം എന്നു ഞാന്‍ പറഞ്ഞു. എല്ലാം ശ്രദ്ധിച്ചു പരിഹരിക്കാമെന്നും ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ എന്ത് കൊണ്ട് തെരഞ്ഞെടുപ്പില്‍ തന്നെ എതിര്‍ത്തു എന്ന് ചോദിച്ചു. തനിക്ക് അദംപുരില്‍ ബന്ധുക്കളില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.
ഞാനെങ്ങനെ നിങ്ങളുടെ മണ്ഡലത്തില്‍ വോട്ട് ചെയ്യും. വളരെ മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് നിങ്ങളെന്നെ അപമാനിച്ചു എന്ന് പറഞ്ഞ് അവര്‍ തട്ടിക്കയറി. അപമാനിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. പെട്ടന്ന് അവര്‍ ചെരിപ്പെടുത്ത് തുടരെതുടരെ അടിക്കുകയായിരുന്നു' ഉദ്യോഗസഥന് പറഞ്ഞു. സംഭവം വിലവാദമായെങ്കിലും സൊണാലിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."