മാലിന്യ നീക്കം നിലച്ചു; ആലപ്പുഴ നഗരം വീര്‍പ്പുമുട്ടുന്നു
ആലപ്പുഴ: ഒരാഴ്ചക്കാലത്തെ അവധി കഴിഞ്ഞ് പട്ടണം കണ്ണുതുറന്നത് കുമിഞ്ഞുകൂടിയ മാലിന്യ കൂനകളിലേക്കും ഉയര്‍ന്നു പൊങ്ങുന്ന പ്ലാസ്റ്റിക്ക് പുക ചുരുളുകളിലേക്കും. അവധി ദിനങ്ങളായതിനാല്‍ മാലിന്യ നീക്കം നിലച്ചതാണ് കൂനകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ നഗരത്തിന്റെ പ്രധാന വീഥികളിലെ പതിവ് കാഴ്ചയാണ് ഇതെന്ന് നാട്ടുക്കാരും പറയുന്നു.
വിവിധതരത്തിലുളള മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ഇടങ്ങള്‍ തന്നെ കോടികള്‍ ചെലവിട്ട് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയെങ്ങും മാലിന്യമെത്തുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിറച്ച മാലിന്യങ്ങള്‍ പ്രധാന പാതകളിലെല്ലാം അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണ്.
നഗരസഭയുടെ മാലിന്യ നിര്‍മ്മാജന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിക്ക ജീവനക്കാരും ഈ പ്ലാസ്റ്റിക്കു ബാഗുകള്‍ റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കലാണ് പതിവ്. ഇവയില്‍നിന്നും ഉയരുന്ന പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധം മണിക്കൂറുകളോളം പ്രദേശത്ത് തങ്ങിനില്‍ക്കുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. അതേസമയം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളിലെത്തി പ്ലാസ്റ്റിക്ക് കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കുന്നതിനിടയിലാണ് നിയമം കാറ്റില്‍ പറത്തി ജീവനക്കാര്‍ സര്‍ക്കാര്‍ വക പ്ലാസ്റ്റിക്ക് പുക നാട്ടുക്കാര്‍ക്ക് സമ്മാനിക്കുന്നത്.
പ്രധാന വീഥികളായ ജനറല്‍ ആശുപത്രി ജംഗ്ഷനു പടിഞ്ഞാറും, ജവഹര്‍ ബാല ഭവന്‍ റോഡിലും, ഇരുമ്പുപാലത്തിന് കിഴക്ക് തെക്കേ കനാല്‍ കരയിലും, കൊത്തുവാല്‍ ചാവടി പാലത്തിന് വടക്ക് കനാല്‍ റോഡിലും, വഴിച്ചേരി, കോണ്‍വെന്റ് സ്‌ക്വയര്‍, ലിയോതെര്‍ട്ടിന്ത് ഹൈസ്‌കൂളിന് പിന്നിലുളള ഇടറോഡിലും, ഫോം മാറ്റിംഗ് ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും, ആലപ്പുഴ കടപ്പുറത്തെ മൂന്നിടങ്ങളിലുമാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുളളത്. ഇതില്‍ കൊത്തുവാല്‍ ചാവടി പാലത്തിന് വടക്ക് കയര്‍കോര്‍പ്പറേഷന് തൊട്ട് കിഴക്ക് ഭാഗത്ത് നഗരസഭാ ജീവനക്കാര്‍ തന്നെ മാലിന്യങ്ങള്‍ നിറച്ച് ബാഗുകള്‍ കത്തിക്കുന്നത് പതിവ് കാഴ്ചയാണ്. ഇവിടെ പ്ലാസ്റ്റിക്ക് കിറ്റുകളും മറ്റും കത്തിക്കുന്നതുമൂലം പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കും പളളിയില്‍ പോകുന്നവര്‍ക്കും ദുരിതമാകുകയാണ്.
മക്കിടുഷാ മസ്ജിദിന് നേരെ പിറകുവശം കത്തിക്കുന്ന മാലിന്യ കിറ്റുകളില്‍നിന്നും ഉയരുന്ന പുക ചുരുളുകള്‍ കാറ്റില്‍ പളളിയിലേക്കും മദ്‌റസയിലേക്കും പടരുന്നതായും പരാതിയുണ്ട്. എന്നാല്‍ ടൂറിസത്തിന്റെ പ്രധാന കവാടമായി മാറുന്ന ആലപ്പുഴ കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ കഴിയുന്നില്ല.
ഇവിടെ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് അടക്കമുളള മാലിന്യങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികള്‍ കടപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടിവെച്ച് കത്തിക്കുകയാണ്. ഇത് സന്ദര്‍ശകര്‍ക്ക് കടുത്ത പ്രതിസന്ധി തീര്‍ക്കുകയാണ്. പ്രധാനമായും ബീച്ചിന് വടക്ക് പ്രത്യേകം കെട്ടിയൊരുക്കിയിട്ടുളള വേദിക്ക് പിന്നിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. പാലത്തിന് വടക്കുഭാഗത്തും തെക്ക് ഹൈമാസ്റ്റ് ലൈറ്റിന് കിഴക്കും മാലിന്യം കത്തിക്കല്‍ പതിവാക്കിയിരിക്കുകയാണ്.
ഇവിടെ സന്ദര്‍ശകള്‍ പതിവായി എത്താറുളള ഇടങ്ങളാണ്. നിരവധി തവണ നാട്ടുക്കാര്‍ പരാതി പറഞ്ഞെങ്കിലും തൊഴിലാളികള്‍ തീയിടല്‍ തുടരുകയാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തിനായി നഗരസഭയും ജില്ലാ പഞ്ചായത്തും സര്‍ക്കാരും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും നിര്‍ദേശം നടപ്പിലാക്കേണ്ട ജീവനക്കാര്‍ തന്നെയാണ് ധാര്‍ഷ്ട്യത്തോടെ മാലിന്യം കത്തിക്കാന്‍ കോപ്പുക്കൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."