വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജ് സംഘര്‍ഷം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റടക്കം ഒന്‍പത് പേര്‍ അറസ്റ്റില്‍
കായംകുളം: വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് തല്ലിതകര്‍ത്ത സംഭവത്തില്‍ ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക് സെക്രട്ടറിയുമായ എം.എസ് അരുണ്‍കുമാറടക്കം ഒന്‍പതു നേതാക്കളെ വള്ളികുന്നം പൊലിസ് അറസ്റ്റ് ചെയ്തു.
നേതാക്കള്‍ക്കെതിരെ കോളജ് മാനേജ് മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക് ട്രഷറര്‍ സിബി വര്‍ഗ്ഗീസ്, എസ്.എഫ.്‌ഐ മാവേലിക്കര ഏരിയാ സെക്രട്ടറി അക്ഷയ്, പ്രസിഡന്റ് അനന്തു, കെടിയു സംസ്ഥാന കണ്‍വീനര്‍ അഖില്‍ ഷാജി, എസ്.എഫ്.ഐ ചാരുമൂട് ഏരിയാ പ്രസിഡന്റ് അര്‍ജ്ജുന്‍, ജില്ലാ കമ്മിറ്റിയംഗം സഞ്ചു, ഡി.വൈ.എഫ്.ഐ ഭരണിക്കാവ് മേഖലാ സെക്രട്ടറി വിഷ്ണു, ജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
കോളജിലെ എന്‍ജിനീയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശിയായ ആര്‍ഷ് രാജ് (19) ആണ് മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്‍ഷ് രാജ് തന്റെ മൊഴിയില്‍ പീഡനത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഏപ്രില്‍ 10ന് എസ.്എഫ്.ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ജയ്ക്ക് സി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് കോളജിനടുത്തെത്തിയപ്പോള്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെടുകയായിരുന്നു.
ബാരിക്കേടുകള്‍ തകര്‍ത്ത എസ്എഫ്െഎ പ്രവര്‍ത്തകര്‍ കോളേജിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസിനു നേരെയും കോളേജിനു നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പോലീസ് ലാത്തി വീശിയെങ്കിലും ഫലപ്രദമായില്ല. കല്ലേറില്‍ ഡിവൈഎസ്പി ശിവസുതന്‍പിള്ള അടക്കം ആറോളം പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനുശേഷം കോളിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ സ്വീകരണ മുറി, ഓഫീസ് റൂമുകള്‍, ലാബുകള്‍,ഗ്ലാസ് വാതിലുകള്‍, ഗ്ലാസ് ഫെബ്രിക്കേഷനുകള്‍, കമ്പ്യൂട്ടറുകള്‍, സി.സി. ടി.വി റൂം, സ്വീകരണമുറിയിലെ വിളക്ക്, മാനേജ്‌മെന്റിന്റെ വാഹനം എന്നിവ തല്ലി തകര്‍ക്കുകയായിരുന്നു. ഗുരുദേവന്റെ ചിത്രത്തിന് നേരെയും ഗുരുക്ഷേത്രത്തിന് നേരെയും ആക്രമണം ഉണ്ടായതായി മാനേജ്‌മെന്റ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കല്ലേറില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കും പരിക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ആഷിത, എസ്എഫ്‌ഐ കായംകുളം ഏരിയാ കമ്മിറ്റിയംഗം അബീസ് എന്നിവര്‍ക്കും നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ പ്രേരണാ കുറ്റത്തിന് കോളജ് പ്രിന്‍സിപ്പല്‍ ഗണേശ്, ചെയര്‍മാന്‍ സുഭാഷ് വാസു എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. അറസ്റ്റിലായ പ്രവര്‍ത്തകരെ കായംകുളം കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."