ചീക്കല്ലൂര്‍-പനമരം റോഡ് തകര്‍ന്നു
പനമരം: ചീക്കല്ലൂര്‍-പനമരം റോഡിന്റെ പരിതാപസ്ഥിതിക്ക് മാറ്റമില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.
റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. പനമരത്തു നിന്നും വാടോച്ചാല്‍ മേച്ചേരി വഴി ചീക്കല്ലൂരിലേക്കുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. മേച്ചേരി, പുളിക്കല്‍ ഭാഗങ്ങളില്‍ കാല്‍നട പോലും അസാധ്യമായിരിക്കയാണ്. കൂടോത്തുമ്മല്‍ സാംസ്കാരിക നിലയത്തിനടുത്ത് മുതല്‍ ചീക്കല്ലൂര്‍ വരെ കഴിഞ്ഞ വര്‍ഷം നന്നാക്കിയിരുന്നു. എന്നാല്‍ മേച്ചേരി, വാടോച്ചാല്‍ ഭാഗത്തേക്ക് പ്രവൃത്തി എത്താതായതിനാല് ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. നെല്‍കര്‍ഷകരാണ് ഏറെ ദുരിതം പേറിയത്. വിളവെടുത്ത നെല്ലുകള്‍ വിപണിയിലേത്തിക്കുന്നത് വാഹനങ്ങള്‍ ഇങ്ങോട്ടേക്ക് എത്താതായതിനാല് ഏറെ പ്രയാസപ്പെട്ടാണ് മാര്‍ക്കറ്റിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. കൂടാതെ റോഡില്‍ തെരുവ് വിളക്കിന്റെ അഭാവം രാത്രികാലങ്ങളില്‍ യാത്രയും ദുരിതമായിരിക്കയാണ്. അധികാരികള്‍ ഈ റോഡിനോട് കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."