ഹിജാബ് കാരണം ജോലി നിഷേധിക്കപ്പെട്ട മുസ്‌ലിം യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍; പോസ്റ്റിനടിയില്‍ സംഘ്പരിവാറിന്റെയും യുക്തിവാദികളുടെയും തെറിയഭിഷേകവും
കോഴിക്കോട്: ഹിജാബ് ധരിച്ച കാരണത്താല്‍ ജോലി നഷ്ടമായ കോഴിക്കോട് സ്വദേശിനിയായ മുസ്‌ലിം യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് യുക്തിവാദി, സംഘ്പരിവാര്‍ അനുഭാവികളുടെ തെറിയഭിഷേകം. ഹിജാബ് ധരിച്ച് ഈ സ്ഥാപനത്തില്‍ ജോലിചെയ്യാന്‍ കഴിയില്ലെന്ന കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ തീരുമാനത്തോട് വിയോജിച്ച്, ഞാന്‍ ജോലിചെയ്യുകയാണെങ്കില്‍ തലയില്‍ ഹിജാബ് ഉണ്ടാവുമെന്ന് മറുപടി പറഞ്ഞ് ജോലി ഉപേക്ഷിച്ച ഫാതിമാ സുഹ്‌റ ബത്തൂലിന്റെ പോസ്റ്റ് നേരത്തെ വൈറലായിരുന്നു. ഈ പോസ്റ്റിനു താഴെയാണ് സംഘിപരിവാര്‍, യുക്തിവാദി അനുകൂലികള്‍ കേട്ടാലറക്കുന്ന തെറികളുമായി എത്തിയത്. ജനുവരിയില്‍ ജോലി നഷ്ടമായ കാര്യം ന്യൂസലന്‍ഡ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഹിജാബ് ധരിച്ചെത്തിയ സാഹചര്യത്തിലാണ്, തനിക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായി എന്ന് ഫാതിമ കുറിപ്പിട്ടത്.
ഇന്റര്‍വ്യൂ കഴിഞ്ഞതോടെ ജനുവരി 14ന് ജോലിയില്‍ പ്രവേശിക്കാനായിരുന്നു ഫാതിമക്കു ലഭിച്ച നിര്‍ദേശം. ഇതുപ്രകാരം അന്നേ ദിവസം അവര്‍ ആശുപത്രി മേധാവിയെ കണ്ടപ്പോഴാണ്, കാംപസിനുള്ളില്‍ ജോലിക്കു പറ്റില്ലെന്ന് അവര്‍ അറിയിച്ചത്. ഇവിടെ ജോലിചെയ്യുന്ന മുസ്‌ലിം ജീവനക്കാര്‍ ഈ നിയമം പാലിക്കുന്നുണ്ടെന്നും നിങ്ങളും അത് അനുസരിക്കണമെന്നുമായിരുന്നു ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാട്. ഇതോടെ, ജോലി ചെയ്യാന്‍ തയ്യാറാണ് പക്ഷേ തലയില്‍ ഹിജാബ് ഉണ്ടാവുമെന്ന് ഫാതിമ പ്രതികരിച്ചു. ക്ഷമിക്കണം, അത് അനുവദിക്കാനാവില്ലെന്നായിരുന്നു ഈ സമയം ആശുപത്രി മേധാവി പറഞ്ഞതെന്നും ഫാതിമ പോസ്റ്റില്‍ വിശദീകരിച്ചു. ഈ വിശദീകരണ പോസ്റ്റിനടിയിലും തെറിയഭിഷേകം ഉണ്ടായതോടെ അവര്‍ വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണ പോസ്റ്റിട്ടു.
ഞാനിട്ട പോസ്റ്റ് ആശുപത്രിക്ക് എതിരല്ലെന്നും വ്യക്തി സ്വാതന്ത്ര്യം സംബന്ധിച്ച എന്റെ നിലപാട് വ്യക്തമാക്കാന്‍ വേണ്ടിയാണ് പോസ്‌റ്റെന്നും ഫാതിമ സുപ്രഭാതം ഓണ്‍ലൈനോടു പറഞ്ഞു. എന്റെ വ്യക്തിസ്വാതന്ത്ര്യം തെരഞ്ഞെടുത്തതിന് വൃത്തികെട്ട രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഞാന്‍ നേരിടുന്നതെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."