നഗരസഭ അധികൃതര്‍ ലോട്ടറി കവര്‍ന്നെന്ന ആരോപണം കെട്ടിച്ചമച്ചത്: സി.പി.എം
വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്കിന്റെ പ്രധാന സെന്ററായ ഓട്ടുപാറ ടൗണില്‍ തൃശൂര്‍ ഷൊര്‍ണൂര്‍ റോഡില്‍ നിലവിലുള്ള കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുറമ്പോക്ക് ഭൂമികള്‍ അനധികൃതമായി കൈയേറി നിര്‍മാണങ്ങള്‍ നടത്തിയവര്‍ക്കെതിരേ നഗരസഭ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് രേഖാമൂലം നോട്ടിസ് നല്‍കിയിരുന്നു.
നോട്ടീസ് നല്‍കിയിട്ടും അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരേ നഗരസഭ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.
അതിന്റെ ഭാഗമായി മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി ബെന്നിയുടെ അനധികൃത നിര്‍മാണം മുനിസിപ്പല്‍ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെയും വടക്കാഞ്ചേരി പൊലിസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണു നീക്കം ചെയ്തത്.
യാഥാര്‍ഥ്യം ഇതായിരിക്കെ അതിനിടയില്‍ അതിക്രമിച്ചു കടക്കുകയും ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചു പറിക്കുകയും ചെയ്തുവെന്ന വാര്‍ത്ത വസ്തുതാവിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
വിവിധ സ്ഥലങ്ങളിലായി സര്‍ക്കാര്‍ ഭൂമി കൈയേറ്റം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കെ.ടി ബെന്നിക്കെതിരേ ശക്തമായ നിയമനടപടികളുമായി വടക്കാഞ്ചേരി നഗരസഭ ഭരണാധികാരികള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭ ഭരണാധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കള്ളക്കേസ് കെട്ടി ചമക്കുന്നത്.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി അഭിപ്രായം തുറന്നു പറയണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു.
നിയമ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി സര്‍ക്കാര്‍ ഭൂമികള്‍ കൈയേറുന്നതിനെതിരേ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് സി.പി.എം ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം കൊടുക്കുമെന്ന് സി.പി.എം വടക്കാഞ്ചേരി ഓട്ടുപാറ ലോക്കല്‍ കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."