താഴത്തങ്ങാടി കൊലപാതകം സുപ്രധാന തെളിവുകള്‍ കായലില്‍നിന്ന് കണ്ടെടുത്തു
ചേര്‍ത്തല: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഇല്ലിക്കല്‍ ഷീബയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സുപ്രധാന തെളിവുകള്‍ തണ്ണീര്‍മുക്കം ബണ്ടിനു സമീപമുള്ള കായലിനിന്ന് കണ്ടെടുത്തു. മൂന്ന് മൊബൈല്‍ ഫോണുകള്‍, ആറ് താക്കോല്‍കൂട്ടങ്ങള്‍, മൂന്ന് കത്തികള്‍, ഒരു കത്രിക എന്നിവയാണ് അഗ്നിരക്ഷാ സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കായലില്‍നിന്ന് കണ്ടെടുത്തത്.
ഇവയെല്ലാം പ്രതി മുഹമ്മദ് ബിലാല്‍ കൊലനടത്തിയ വീട്ടില്‍നിന്ന് എടുത്ത് ഇവിടെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ 10നാണ് ബിലാലിനെ തണ്ണീര്‍മുക്കം ബണ്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കായലില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ ഉള്‍പ്പെടെയുള്ളവ കിറ്റിലാക്കി ആലപ്പുഴയിലേക്ക് പോകുന്ന വഴിയാണ് ബിലാല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ മധ്യഭാഗത്തുനിന്ന് കായലിലേക്ക് എറിഞ്ഞത്. പ്രതിക്ക് കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലിസ് പറഞ്ഞു.
കോട്ടയം, മുഹമ്മ പൊലിസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ രണ്ടു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൊബൈലുകളും മറ്റു സാധനങ്ങളും കണ്ടെത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."