ഇന്ത്യന്‍ എംബസികളില്‍ നിക്ഷേപമുള്ളത് ശതകോടിക്കണക്കിന് രൂപ; ഹൈക്കോടതി വിധി വന്നിട്ടും 'നിധി' ഇപ്പോഴും കിട്ടാക്കനി
കോഴിക്കോട്: ലക്ഷക്കണക്കിന് പ്രവാസികള്‍ ദുരിതക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോഴും അനക്കമില്ലാതെ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍. കേരള ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ട സഹായം എത്തിക്കാന്‍ വിദേശങ്ങളിലെ നമ്മുടെ ആസ്ഥാനങ്ങള്‍ തയാറാകുന്നില്ലെന്ന പരാതി വീണ്ടും ശക്തമായി.
പ്രവാസികളില്‍നിന്ന് വാങ്ങിയ ശതകോടിക്കണക്കിന് രൂപ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിക്ഷേപമായി ഉണ്ടായിട്ടും ഈ ദുരിതകാലത്ത് അവ ഉപകാരപ്പെടാതെ കിടക്കുകയാണ്. ജോലിയും കൂലിയും നഷ്ടപ്പെട്ട് പ്രവാസ ലോകത്തെ വിവിധ കോണുകളില്‍ ഇന്ത്യക്കാര്‍ കഴിയുമ്പോഴും സാങ്കേതികത്വത്തിന്റെയും അലസതയുടെയും കേന്ദ്രങ്ങളായി തുടരുകയാണ് നമ്മുടെ വിദേശ അഭയകേന്ദ്രങ്ങള്‍.
2009ലാണ് വിവിധ രാജ്യങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കു വേണ്ടി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) ആരംഭിക്കുന്നത്. പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികളില്‍ പോകുന്നവരില്‍നിന്ന് ഈടാക്കുന്നതും സംഭാവനകളിലൂടെ സ്വീകരിക്കുന്നതുമാണ് ഈ ഫണ്ട്. അത്യാവശ്യ ഘട്ടത്തില്‍ പ്രവാസികളെ സഹായിക്കാനാണ് ഫണ്ട് ഉപയോഗിക്കാറുള്ളത്.
പ്രശ്‌നബാധിത രാജ്യങ്ങളില്‍നിന്ന് ഇന്ത്യന്‍ സമൂഹത്തെ ഒഴിപ്പിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ അര്‍ഹരെ സഹായിക്കാനും ഇത് ഉപയോഗിക്കാം. പ്രകൃതിക്ഷോഭം അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ആളുകളെ നാട്ടിലെത്തിക്കല്‍ എന്നിവയ്ക്ക് ഈ ഫണ്ട് വിനിയോഗിക്കണമെന്നാണ് നിയമം. വിദേശങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ സഹായം എന്ന നിലയ്ക്ക് 2017 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഐ.സി.ഡബ്ല്യു.എഫിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിരുന്നു. ഇതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതുമാണ്.
വിമാനയാത്രയ്ക്ക് സൗകര്യമേര്‍പ്പെടുത്തലാണ് ഇതില്‍ പ്രധാനം.വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവര്‍ മാത്രമല്ല, അവിടെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യക്കാര്‍ക്ക് പോലും ഫണ്ടിലൂടെ സഹായം നല്‍കാം. വൈദ്യസഹായം. നിയമസഹായം, മൃതദേഹം കൊണ്ടുവരല്‍, പിഴകള്‍ക്ക് സഹായം തുടങ്ങിയവയെല്ലാം ഇതില്‍നിന്ന് ലഭിക്കും. 43 വിദേശ രാജ്യങ്ങളിലെ എംബസികളില്‍ ഫണ്ടുണ്ട്.
സഊദിയിലെ രണ്ടു ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ മാത്രം ഏകദേശം 35 കോടിയിലേറെ തുക ഫണ്ടിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 2012ല്‍ വിവരാവകാശ നിയമപ്രകാരം നേടിയ അറിവനുസരിച്ച് ഏകദേശം 42 കോടി രൂപയോളം യു.എ.ഇ കോണ്‍സുലേറ്റില്‍ മാത്രം ഉണ്ടായിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം അത് എത്രമാത്രം വര്‍ധിച്ചുവെന്ന് ഊഹിക്കാവുന്നതാണ്.
വിവിധ എംബസികളില്‍ എത്ര പണമുണ്ടെന്ന കാര്യം അറിയാന്‍ ഇപ്പോള്‍ നിവൃത്തിയില്ല. വിവരാവകാശ നിയമപ്രകാരം സാധ്യമവുമല്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഐ.സി.ഡബ്ല്യു.എഫ്. പ്രവാസികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് സഹായം നല്‍കണമെന്നാണ് വകുപ്പ്.
എന്നാല്‍, കൊവിഡ് മഹാമാരിയില്‍ പ്രവാസി സമൂഹം മുഴുവന്‍ ദുരിതത്തിലായപ്പോഴും മന്ത്രാലയവും എംബസികളും അനങ്ങാനെ നില്‍ക്കുകയാണ്. അവസാനം, കൊവിഡ് ദുരിതം ബാധിച്ച പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് തുക ഈ ഫണ്ടില്‍നിന്ന് അനുവദിക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിയും വന്നു.
പക്ഷെ, ഇപ്പോഴും വിധിയുടെ നൂലാമാലകള്‍ക്കപ്പുറത്ത് പ്രവാസികളെ ഊറ്റിയെടുത്ത ഫണ്ട് അവരുടെ വിമാനയാത്രയ്‌ക്കെങ്കിലും നല്‍കാന്‍ അധികാരികള്‍ തയാറായിട്ടില്ല. വേണ്ടത്ര ചികിത്സ ലഭിക്കാതെ ഇരുനൂറോളം മലയാളികളുടെ ജീവനുള്‍പ്പെടെ നഷ്ടമായിട്ടും ഇനിയും ഫണ്ട് ചെലവഴിക്കാന്‍ കാത്തിരിക്കുകയാണ് ഐ.സി.ഡബ്ല്യു.എഫ് നിധികാക്കുന്ന ഭൂതങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."