കൊടുന്തിരപ്പുള്ളിയില്‍ സംഘര്‍ഷം: മൂന്നുപേര്‍ക്ക് പരുക്ക്
പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ സി.ഐ.ടി.യുക്കാര്‍ ആയുധങ്ങളുമായി ചുമട്ടുതൊഴിലാളികളെ ആക്രമിച്ചുവെന്ന് പരാതി. പിരായിരി പഞ്ചായത്തില്‍പ്പെട്ട പ്രദേശത്ത് നടന്ന അക്രമത്തില്‍ ഐ.എന്‍.ടി.യു.സി യൂനിയനില്‍പ്പെട്ട മൂന്ന് പേര്‍ക്ക് സാരമായി പരുക്കേറ്റു. കൊടുന്തിരപ്പുള്ള മാമ്പ്ര വീട്ടില്‍ ഭരതന് (54), മാമ്പ്ര വീട്ടില്‍ രാമകൃഷ്ണന് (57), മാമ്പ്ര വീട്ടില്‍ സുന്ദരന്‍ (60) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഇരുമ്പ് വടികളുമായിട്ടായിരുന്നു അക്രമം. പരുക്കേറ്റ തൊഴിലാളികള്‍ നേരത്തെ സി.ഐ.ടി.യു യൂനിയനിലെ അംഗങ്ങളായിരുന്നു. ഇവരെല്ലാം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. കഴിഞ്ഞമാസം 22ന് സി.ഐ.ടി.യു വിട്ട് ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്നു. സി.ഐ.ടി യു നേതാക്കള്‍ നോക്കുകൂലി വാങ്ങി തൊഴില്‍ നഷ്ടപ്പെടുത്തുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് സംഘടന മാറിയത്. ഇന്നലെ ചുമടിറക്കാന്‍ തുനിഞ്ഞപ്പോഴാണ് സി.ഐ.ടി.യുക്കാരായ കൃഷ്ണകുമാര്‍ എന്ന കുട്ടന്, സുന്ദരന്‍, മണികണ്ഠന് എന്നിവരുടെ നേതൃത്വത്തില്‍ അക്രമിച്ചത്.
11 പേരാണ് സി.ഐ.ടി.യു വിട്ട് ഐ.എന്‍.ടി യു.സിയില്‍ ചേര്‍ന്നത്. പണിക്കിറങ്ങിയാല്‍ തല്ലുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. കുറെ ദിവസം തൊഴിലില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ചായിരുന്നു അക്രമം. പ്രതികള്‍ പിന്നീട് ഒളിവില്‍ പോയതായാണ് പൊലിസ് പറയുന്നത്. ഷാഫി പറമ്പില്‍ എം.എല്‍.എ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അക്രമികളെ പിടികൂടുകയും പ്രദേശത്ത് സമാധാന അന്തരീക്ഷം സ്ഥാപിക്കുകയും വേണമെന്ന് എം.എല്‍.എ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."