പൊലിസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ച വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിനശിച്ചു
തിരൂര്‍: തിരൂര്‍ തെക്കുംമുറി ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീ പടര്‍ന്നുപിടിച്ച് പതിനൊന്നോളം വാഹനങ്ങള്‍ കത്തിനശിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തായി തിരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ച മണല്‍ വാഹനങ്ങളാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് നാട്ടുകാരെ ഭീതിയാലാക്കി തീപിടുത്തമുണ്ടായത്.
ട്രഞ്ചിങ് ഗ്രൗണ്ടിലെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചതോടെ തീ ആളിപടരുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു. മിനിലോറി, കാര്‍ തുടങ്ങിയ വാഹനങ്ങളിലേക്ക് തീ പടര്‍ന്ന് കയറി വന്‍ ശബ്ദത്തോടെ പുക ഉയര്‍ന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചുവെങ്കിലും തിരൂരിലെ ഫയര്‍ഫോഴ്സ് യൂനിറ്റ് പൊന്നാനിയിലായതിനാല് ഫയര്‍ഫോഴ്സിന്റെ നേത്യത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം വൈകി. ഇതിനിടെ നാട്ടുകാരും പൊലിസും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി.
തുടര്‍ന്ന് വൈകിട്ട് അഞ്ചോടെയാണ് തിരൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചത്. ആറ് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്ത് മണല്‍ വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് കാരണം ഫയര്‍ഫോഴ്സ് വാഹനത്തിന് സ്ഥലത്ത് എത്താന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."