കെ.പി.മോഹനന്‍ റിപ്പോര്‍ട്ടറായി നിയമസഭയില്‍
തിരുവനന്തപുരം: മുന്‍ കൃഷിമന്ത്രി കെ.പി മോഹനന്‍ പത്ര റിപ്പോര്‍ട്ടറായി നിയമസഭയിലെത്തി. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രസ്സ് ഗ്യാലറിയിലെത്തിയ അദ്ദേഹം മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെ ഇടം നേടി.
തലശ്ശേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സായാഹ്നപത്രമായ പടയണിയുടെ ലേഖകനായാണ് മോഹനന്‍ എത്തിയത്. നിലവിലെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ മറുപടികള്‍ കൃത്യമായി നീരിക്ഷിച്ച അദ്ദേഹം വേണ്ട വിവരങ്ങള്‍ നോട്ട്പാഡില്‍ രേഖപ്പെടുത്തി.
പിതാവ് പി.ആര്‍.കുറുപ്പ് തുടങ്ങിവച്ച പടയണി പത്രത്തിനായി നേരത്തെയും റിപ്പോര്‍ട്ടറുടെ കുപ്പായം മോഹനന്‍ അണിഞ്ഞിട്ടുണ്ട്.
എം.എല്‍.എയും മന്ത്രിയൊന്നും അല്ലാത്ത സ്ഥിതിക്ക് കൂടുതല്‍ സമയം പത്രപ്രവര്‍ത്തനത്തിനു നീക്കിവയ്ക്കാനാണു തീരുമാനം. റിപ്പോര്‍ട്ട് ചെയ്യാനാണ് താന്‍ എത്തിയതെന്നു പറഞ്ഞു പ്രസ്സ് ഗ്യാലറിയില്‍ എത്തിയ അദ്ദേഹം റിപ്പോര്‍ട്ടിങിനു ശേഷം താന്‍ തയാറാക്കിയ കുറിപ്പും മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ഇന്നും സഭയിലെത്തുമെന്നു വ്യക്തമാക്കിയാണ് അദ്ദേഹം മടങ്ങിയത്.
2001ലും 2006ലും പെരിങ്ങളം മണ്ഡലത്തില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച കെ.പി.മോഹനന്‍ 2011ല്‍ കൂത്തുപറമ്പില്‍ നിന്നു യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായത്. എന്നാല്‍ ഇത്തവണ കൂത്തുപറമ്പില്‍ ഇടതു സ്ഥാനാര്‍ഥി കെ.കെ ശൈലജയോടു പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."