കീഴ്ക്കോടതി ജഡ്ജിമാരുടെ നിയമനം: ഹൈക്കോടതിക്ക് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: കേരളത്തിലെ ജില്ലാ, സെഷന്‍സ് കോടതികളിലെ ജഡ്ജിമാരുടെ നിയമനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ നോട്ടിസ്. ജില്ലാ സെഷന്‍സ് ജഡ്ജിമാരെ തെരഞ്ഞെടുത്ത പ്രക്രിയ ചോദ്യംചെയ്ത് സെലക്ഷന് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ നല്കിയ റിട്ട് ഹരജിയിലാണ് സുപ്രിം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ്, സമാനമായ ഹരജികള്‍ ഹൈക്കോടതി മുന്‍പാകെ തീരുമാനിക്കപ്പെടാതെ കിടക്കുന്നുണ്ടോ എന്ന് ആരാഞ്ഞ് ഹൈക്കോടതിയ്ക്ക് നോട്ടിസ് അയച്ചത്.
അങ്ങനെയാണെങ്കില്‍ ഈ വിഷയം തിരികെ അയക്കാനാവുമെന്നാണ് നോട്ടിസില്‍ വ്യക്തമാക്കുന്നത്.
ജില്ലാ സെഷന്‍സ് ജ്ഡ്ജിമാരെ നിയമിച്ചതില്‍ അപാകതയുണ്ടെന്നും സുപ്രിം കോടതിയുടെ സര്‍വിസ് നിയമങ്ങളും സെലക്ഷന് സംബന്ധിച്ച വിജ്ഞാപനത്തിലെ ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടെന്നുമാണ് ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ വേണുഗോപാല്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.
സെലക്ഷന് പ്രക്രിയയില്‍ എഴുത്തുപരീക്ഷയ്ക്കും വാചാപരീക്ഷയ്ക്കും കൂടി ലഭിച്ച മാര്‍ക്കുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് മറികടന്ന് വാചാപരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള നിബന്ധന ഹൈക്കോടതി വച്ചുവെന്നാണ് ഹരജിക്കാരുടെ പരാതി.
1961ലെ കേരള സ്റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വിസ് സ്പെഷല്‍ റൂള്‍സിലോ, ഹൈക്കോടതി സെലക്ഷന് വിജ്ഞാപനത്തിലോ വാചാപരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."