തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി ഗുരുതര പ്രതിസന്ധിയില്‍
തൊടുപുഴ: കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായി. അത്യാവശ്യത്തിനു പോലും ജലമില്ലാത്തതാണ് പ്രധാന പ്രശ്‌നം. കുടിക്കാനും കുളിക്കാനും വെള്ളമില്ല. ഇതോടെ ശൗചാലയങ്ങള്‍ പൂട്ടി.
ആശുപത്രി പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കാത്തതിനാല്‍ കൊതുക് പെരുകുകയാണ്. സ്‌പോര്‍ട്‌സ് താരങ്ങളും, വിദ്യാര്‍ഥികളുമടക്കം നൂറിലേറെ കിടപ്പുരോഗികളുള്ള ആശുപത്രിയുടെ ഗതിയാണിത്.
വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ആശുപത്രിയില്‍ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഒരാഴ്ചയായി രോഗികള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. പരാതിയുമായി ചെന്ന രോഗികളോട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ആയുര്‍വേദ ചികിത്സ നടത്തുന്ന രോഗികള്‍ക്ക് കുടിയ്ക്കാനും, കുളിക്കാനും ചൂടുവെള്ളം നിര്‍ബന്ധമാണ്.
ചൂടുവെള്ളത്തിന്റെ ആവശ്യത്തിന് ലക്ഷങ്ങള്‍ മുടക്കി രണ്ട് സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ സ്ഥാപിച്ചെങ്കിലും രണ്ടാഴ്ചക്കാലമായി ചൂടുവെള്ളം ലഭിക്കുന്നില്ല. ടാപ്പുകളില്‍ വെള്ളം ലഭിക്കാത്ത അവസ്ഥയുള്ളതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നടത്താനും സാധിക്കുന്നില്ല. മുറ്റത്ത് വച്ചിരിക്കുന്ന ടാര്‍വീപ്പകളില്‍ വീഴുന്ന മഴവെള്ളവും, നഴ്‌സിംഗ് മുറിയുടെ മുമ്പില്‍ വച്ച ആയിരം ലിറ്റര്‍ ടാങ്കില്‍ നിന്നും ബക്കറ്റിലെടുക്കുന്ന വെള്ളവുമുപയോഗിച്ചാണ് രോഗികളും കൂട്ടിരിപ്പുകാരും അത്യാവശ്യം കാര്യങ്ങള്‍ നടത്തുന്നത്.
വെള്ളം ശേഖരിക്കാനായി പതിനായിരം ലിറ്റര്‍ ശേഷി വീതമുള്ള മൂന്ന് വലിയ ടാങ്കുകളും, കൂടാതെ നിരവധി ചെറിയ ടാങ്കുകളും, സിമെന്റ് ടാങ്കും ഉള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ട് വെള്ളം ലഭിക്കാത്തത്. സോളാര്‍ ഹീറ്ററില്‍ ചൂടുവെള്ളം ഇല്ലാത്തതിനാല്‍ രോഗികള്‍ രസീതില്ലാതെ തന്നെ 10 രൂപ നല്‍കി ആശുപത്രി ജീവനക്കാരില്‍ നിന്ന് 5 ലിറ്ററോളം ചൂടുവെള്ളം വാങ്ങുകയാണ്. ചെറിയ പാത്രത്തില്‍ വെള്ളം ചൂടാക്കുന്നതിനാല്‍ അര മണിക്കൂര്‍ കൊണ്ട് ആറ് പേര്‍ക്ക് മാത്രമേ വെള്ളം ലഭിക്കുകയുള്ളു. അതിന്റെ പേരില്‍ വെള്ളം ചൂടാക്കുന്ന ജീവനക്കാരിയും രോഗികളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് ടോക്കന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി.
വയോജനങ്ങള്‍ ഉള്‍പ്പെടെ 15 രോഗികള്‍ കിടക്കുന്ന പുരുഷ വാര്‍ഡിലെ ടോയ്‌ലറ്റ് രണ്ടു മാസമായി പൂട്ടിക്കിടക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രശ്‌ന പരിഹാരമുണ്ടാക്കിയിട്ടില്ല. പഞ്ചകര്‍മ്മ ചികിത്സ നടത്തിയ ശേഷം കിഴിയുടെ അവശിഷ്ടം ഉപേക്ഷിക്കുന്ന ടാങ്കിന്റെ പരിസരം വൃത്തിഹീനമായി കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകുന്നു. വാര്‍ഡിലുള്ള ഫാന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ടാപ്പ് അഴിച്ചുവിടുന്നെന്ന കാരണം പറഞ്ഞ് ജീവനക്കാര്‍ തന്നെയാണ് ടാപ്പു പൂട്ടി ജലക്ഷാമമുണ്ടാക്കുന്നതെന്നാണ് രോഗികള്‍ പറയുന്നത്.
ആരോഗ്യ വകുപ്പും,ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും, ജില്ലാ പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."