ബാങ്കുവിളിക്കെതിരായ സോനു നിഗത്തിന്റെ ട്വീറ്റ് വിവാദത്തില്‍
മുംബൈ: ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളിക്കെതിരായ ഗായകന്‍ സോനു നിഗത്തിന്റെ ട്വിറ്റര്‍ സന്ദേശം വായിച്ചാണ് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങള്‍ ഉണര്‍ന്നത്. എന്നാല്‍, അധികം വൈകാതെ സാമൂഹികമാധ്യമങ്ങളില്‍ നിഗത്തിനുനേരെ അനുയായികളുടെയും അല്ലാത്തവരുടെയും വിമര്‍ശനങ്ങളും പൊങ്കാലയും കൊണ്ട് നിറയുകയായിരുന്നു.
''ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്‌ലിമല്ലാതിരുന്നിട്ടും ഇന്നുപുലര്‍ച്ചെ ബാങ്കുവിളി കേട്ട് എനിക്ക് ഉണരേണ്ടിവന്നു.
എന്നാണ് ഇത്തരം നിര്‍ബന്ധിത മതപ്രവര്‍ത്തനം ഇന്ത്യയില്‍ അവസാനിക്കുക?'' എന്നായിരുന്നു നിഗത്തിന്റെ വിവാദമായ ട്വീറ്റ്. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ അദ്ദേഹം ട്വിറ്ററിലൂടെത്തന്നെ ന്യായീകരണ പരമ്പരയുമായി രംഗത്തെത്തി. ''മുഹമ്മദ് ഇസ്‌ലാം രൂപീകരിക്കുമ്പോള്‍ അന്ന് വൈദ്യുതിയില്ലായിരുന്നു. എഡിസണു ശേഷമുള്ള ഈ ഉച്ചഭാഷിണി എന്തിനാണ് ?'' എന്ന് അദ്ദേഹം ഉടന്‍ ട്വീറ്റ് ചെയ്തു. ഇതര വിശ്വാസികളെ വൈദ്യുതി ഉപയോഗിച്ച് വിളിച്ചുണര്‍ത്തുന്ന ഗുരുദ്വാരയിലും ക്ഷേത്രത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കു പുറമെ ചലച്ചിത്രരംഗത്തുള്ളവരും നിഗത്തിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
സോനു നിഗത്തിന്റെ അംഗീകൃത ട്വിറ്ററിലാണ് ഇതു വന്നതെന്ന് ആശ്ചര്യപ്പെടുത്തുന്നുവെന്നായിരുന്നു നടന്‍ അനുപം ഖേറിന്റെ പ്രതികരണം. ഇത്തരം ചെറിയ കാര്യങ്ങളുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും പര്‍വതങ്ങളോളം പഴക്കമുള്ളതാണ് ഈ വിഷയമെന്നും ചലച്ചിത്ര നിര്‍മാതാവ് മഹേഷ് ഭട്ട് പറഞ്ഞു.
ഷാന്‍, സോണാ മോഹപാത്ര, ബാബാ സെഹ്ഗാള്‍ തുടങ്ങിയ സംഗീതരംഗത്തെ പ്രമുഖരും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."