വയനാട്ടിലേക്ക് മോദിയെ വെല്ലുവിളിക്കുന്നു
കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യത എത്രത്തോളമാണെന്നാണ് വിലയിരുത്തല്‍?
മുല്ലപ്പള്ളി: ജനമഹായാത്ര തുടങ്ങിയ സന്ദര്‍ഭത്തില്‍ ട്വന്റി ട്വന്റി എന്ന മുദ്രാവാക്യമാണ് ഞാന്‍ ഉയര്‍ത്തിയത്. പലരും ഇതുസംബന്ധിച്ച് ചോദിച്ച സന്ദര്‍ഭത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഇവിടെയും പ്രതിഫലിക്കുമെന്നാണ് ഞാന്‍ വിശദീകരിച്ചിരുന്നത്. നിലവില്‍ ആ സാധ്യത കൂടിയിട്ടേയുള്ളൂ. കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് പിടിക്കുമെന്ന് ഉത്തമ ബോധ്യമുണ്ട്. ന്യൂനപക്ഷങ്ങളുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാവിധ ജനങ്ങളും മോദിഭരണത്തില്‍ അസംതൃപ്തരാണ്. അവരൊരു മതേതര സര്‍ക്കാരാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷം കൂടി മോദി ഭരിച്ചാല്‍ രാജ്യം തന്നെ തകര്‍ന്നുപോകും. അദ്ദേഹമിപ്പോഴും ഒരു പ്രചാരകനാണെന്നാണ് സ്വയം പറയുന്നത്. പ്രചാരകനെന്താണ്? പ്രചാരകന്റെ മനസെന്താണ്? ഹിന്ദുരാഷ്ട്രം. മോദി അധികാരത്തില്‍ വരുന്നത് ഭയാനകമാണ്. നമ്മുടെ ഭരണഘടന തന്നെ ഇല്ലാതാക്കിക്കളയും. മോദിയെ താഴെയിറക്കി കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ വരണമെന്നതാണ് മൂര്‍ത്തമായ പ്രശ്‌നം. ദേശീയ രാഷ്ട്രീയ ചിത്രം പൂര്‍ണമായും കോണ്‍ഗ്രസിന് അനുകൂലമാണ്. പിന്നെ ഇവിടുത്തെ കാര്യം. ഇവിടെയും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതാണ് ഇത്ര ശുഭാപ്തി വിശ്വാസത്തിനു കാരണം.
കഴിഞ്ഞ പ്രാവശ്യത്തേതുപോലെയല്ല, ഈ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നിരിക്കുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ മത്സരിക്കുന്നു. എങ്ങനെ കാണുന്നു.?
ബി.ജെ.പി ലോക്‌സഭയില്‍ ഇവിടെ ഒരു അക്കൗണ്ടും തുടങ്ങാന്‍ പോകുന്നില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം ബി.ജെ.പി എവിടെയെത്തുമെന്ന്. സാധ്യതയുള്ള ഒരു മണ്ഡലം പറയൂ.
അവര്‍ തിരുവനന്തപുരവും പത്തനംതിട്ടയുമൊക്കെ പിടിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, വയനാട്ടില്‍ ശക്തനായ എതിരാളിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തുനില്‍ക്കുന്നതെന്നും പറയുന്നു. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.?
ശ്രീധരന്‍പിള്ളയോട് മറുപടി പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ബി.ജെ.പി ദേശീയ നേതൃത്വത്തോട് പറയുന്നു. ധൈര്യമുണ്ടോ വയനാട്ടില്‍ നരേന്ദ്രമോദിയെ മത്സരിപ്പിക്കാന്‍? ബി.ജെ.പിയെ വെല്ലുവിളിക്കുകയാണ്. എന്തിനാ ചുരുക്കുന്നത്? ചെറിയ നേതാവൊന്നും വേണ്ട. മോദി വരട്ടെ വയനാട്ടിലേക്ക്. അദ്ദേഹത്തെ നമ്മുടെ പ്രബുദ്ധ കേരളത്തില്‍വച്ച് തറപറ്റിക്കാനുള്ള ഒരവസരം കാത്തിരിക്കുകയാണ് ഞങ്ങള്‍.
കേരളത്തില്‍ 20 സീറ്റുകള്‍ പിടിക്കുമെന്ന് പറഞ്ഞു. രണ്ടു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വടകരയില്‍ സാഹചര്യം അത്രകണ്ട് അനുകൂലമാണോ.?
സി.പി.എമ്മിന് ഒന്നരലക്ഷത്തോളം ഭൂരിപക്ഷമുണ്ടായിരുന്ന വടകരയില്‍ 2009ല്‍ അന്‍പതിനായിരത്തിലധികം ഭൂരിപക്ഷത്തോടെയാണ് ഞാന്‍ വിജയിച്ചത്. എന്നുവച്ചാല്‍ രണ്ടു ലക്ഷത്തോളം സി.പി.എം വോട്ടുകള്‍ മറിഞ്ഞു. എനിക്ക് കിട്ടിയതിനേക്കാള്‍ വലിയ വിജയം കെ. മുരളീധരനു വടകരയില്‍ ഇക്കുറിയുണ്ടാകും.
അങ്ങനെയെങ്കില്‍ എന്താണ് വടകരയില്‍ മത്സരിക്കാന്‍ താങ്കള്‍ വിമുഖത പ്രകടിപ്പിച്ചത്?
എനിക്കു വിമുഖത ഇക്കാര്യത്തില്‍ ഒരു ഘട്ടത്തിലുമുണ്ടായിരുന്നില്ല. മാത്രമല്ല, പി. ജയരാജനോട് മത്സരിക്കാന്‍ കഴിയാത്തതില്‍ വിഷമവുമുണ്ട്. എന്നോട് മത്സരിക്കണമെന്ന് ഒരുപാടു പേര്‍ പറഞ്ഞിരുന്നു. സി.പി.എമ്മുകാരുള്‍പ്പെടെ പറഞ്ഞിരുന്നു. പക്ഷെ കെ.പി.സി.സി അധ്യക്ഷനായിപ്പോയതുകൊണ്ടു മാത്രമാണ്. ജയരാജനെ തോല്‍പ്പിക്കണമെന്നത് വടകരയിലെ പൊതുവികാരമാണ്. രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയാണദ്ദേഹം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകഴിഞ്ഞാല്‍ ആരൊക്കെ പ്രതിയാകുമെന്ന് കാണാം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ശുഭപ്രതീക്ഷയാണ് ഇപ്പോഴും അങ്ങേക്കുള്ളത്. ശരിക്കും അങ്ങനെ സംഭവിക്കുമോ.?
അദ്ദേഹം വരണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. കൂട്ടായ ക്ഷണമാണ്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാവുമെന്ന വലിയ പ്രതീക്ഷയുണ്ട്. അതുമാത്രമല്ല, അതൊരു രാഷ്ട്രീയ തീരുമാനവുമാണ്. അദ്ദേഹത്തിന്റെ വരവ് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലൊട്ടാകെ ഒരു വമ്പിച്ച ചലനമുണ്ടാക്കും.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ ടി. സിദ്ദിഖിന് മറ്റേതെങ്കിലും മണ്ഡലം മാറ്റി നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ടല്ലോ?
അങ്ങനെ ആരും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. ആ രൂപത്തില്‍ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണരുത്. നമ്മളൊരു മതേതര പ്ലാറ്റ്‌ഫോമിലാണ് പോകുന്നത്. ഒരു സീറ്റുപോലും കുറയുന്ന സാഹചര്യം ഇവിടെയുണ്ടായിക്കൂട. മതേതര മുന്നണിക്കുവേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.
വടകരയിലെന്താണ് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത്.?
അത് വയനാടുകൂടി തീരുമാനമായിട്ട് ഒരുമിച്ച് പ്രഖ്യാപിക്കാമെന്ന് കരുതിയാണ്
കോ.ലി.ബി സഖ്യമെന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ഈ തെരഞ്ഞെടുപ്പ് ഫാസിസത്തിനെതിരേയാണ്. അതിന്റെ ഗൗരവം മനസിലാക്കാതെയാണ് സി.പി.എമ്മിന്റെ ഈ ആരോപണം. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു വാദമാണിത്. ജനം നേരത്തെ തന്നെ നിരാകരിച്ച ഒന്നാണിത്.
ആര്‍.എസ്.എസിനെ രണ്ടുതവണ നിരോധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഞങ്ങളുടെ പോരാട്ടം എന്നും ഹിന്ദുത്വ തീവ്രവാദത്തിനെതിരായാണ്. സംഘ്പരിവാറുമായി ഇന്നുവരെ ഒരു ബന്ധവുമുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."