സാത്താന്‍ സേവയല്ല, കൊലപാതകമെന്ന് കുടുംബാംഗം
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പിന്നില്‍ സാത്താന്‍ സേവയല്ലെന്നും കൊലപാതകമാണെന്നും മരണപ്പെട്ട നാരായണ്‍ ദേവിയുടെ മകള്‍ സുജാത.
ആത്മീയമായ പ്രവര്‍ത്തിയാണ് മരണത്തിന് പിന്നിലെന്നുള്ള വാദം തെറ്റാണ്. അവരെ ആരോ കൊലപ്പെടുത്തിയതാണ്. സമാധാനത്തോടെയും സ്‌നേഹത്തോടെയും ജീവിച്ചിരുന്ന കുടുംബമാണ്. ഏതെങ്കിലും മന്ത്രവാദികളില്‍ അവര്‍ വിശ്വസിച്ചിരുന്നില്ലെന്ന് സുജാത പറഞ്ഞു. മരിച്ചവരില്‍ പത്ത് പേരെയും കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ പിറകില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
ഒരാള്‍ മറ്റൊരു മുറിയില്‍ നിലത്ത് മരിച്ച നിലയിലായിരുന്നു. നാരായണ്‍ ദേവി (77), ഭവനേഷ് (50), ലളിത് (45), സവിത (48), ടീന (42), പ്രബിത(57), പ്രിയങ്ക (33), നീതു (25) മോനു (23),ദ്രുവ് (15), ശിവം (15) എന്നിവരെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
11 പേരില്‍ ആറു പേരും തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നാരായണ്‍ ദേവിയുടെ കഴുത്തിന് ചുറ്റും കെട്ടിതൂക്കിയ അടയാളമുള്ളതിനാല്‍ പൊലിസ് കൊലപാതകത്തിന് കേസെടുത്തു. എന്നാല്‍ വീട്ടില്‍ കണ്ടെത്തിയ ഡയറിക്കുറിപ്പുകള്‍ ആത്മഹത്യയാവാന്‍ സാധ്യതയുണ്ടെന്നും പൊലിസ് നിരീക്ഷിക്കുന്നുണ്ട്.
മരണവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഡയറിയിലുണ്ട്. എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാത്ത രീതിയില്‍ കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം എന്നാണ് പൊലിസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലുള്ളത്. ഏതാനും ദിവസങ്ങളായി മരണപ്പെട്ട കുടുംബത്തിലെ എല്ലാവരും ഡയറി എഴുതുന്നുണ്ട്. ഹിന്ദിയിലാണ് എഴുത്ത്.
ദിവസം രേഖപ്പെടുത്തിയുള്ള ഡയറിയില്‍ അവസാനമായി എഴുതിയത് മരണം സംഭവിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."