താമര 'നട്ടവര്‍ക്കു' റോളില്ല; അദ്വാനിയെയും ജോഷിയെയും പൂര്‍ണമായി ഒതുക്കി
ന്യൂഡല്‍ഹി: സ്ഥാപകനേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദി വിരുദ്ധ ചേരിയിലെ പ്രമുഖരുമായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ശാന്തകുമാറിനെയും പൂര്‍ണമായി അവഗണിച്ച് ബി.ജെ.പി. മൂന്നു പേരെയും സ്ഥാനാര്‍ഥിപ്പട്ടികയിലോ പാര്‍ട്ടിയുടെ പ്രചാരണസമിതികളിലോ ഉള്‍പ്പെടുത്തിയില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള 40 അംഗ സമിതിയെ കഴിഞ്ഞദിവസം ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ഉമാ ഭാരതി, നിര്‍മല സീതാരാമന്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സമിതിയിലുണ്ട്. എന്നാല്‍, ഈ സംസ്ഥാനത്ത് പരിചിതരായ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് തന്റെ പേര് പട്ടികയിലില്ലെന്ന വിവരം ജോഷി അറിഞ്ഞത്. ഇതോടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കായി മൂന്നുവരി മാത്രം വരുന്ന ഹ്രസ്വ പത്രക്കുറിപ്പ് ഇറക്കിയ അദ്ദേഹം, 'മുരളി മനോഹര്‍ ജോഷി മത്സരിക്കേണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ അറിയിച്ചു' എന്നുപറഞ്ഞു. ഈ പൊതുതെരഞ്ഞെടുപ്പില്‍ എല്‍.കെ അദ്വാനിയെപ്പോലുള്ളവരോട് മത്സരിക്കേണ്ടെന്നു പറഞ്ഞതായി ജോഷിയെ ഉദ്ധരിച്ച് ദേശീയചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
കാണ്‍പൂരിലെ സിറ്റിങ് എം.പിയായ ജോഷി തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍, സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുള്‍പ്പെടുത്താത്ത കാര്യം കേന്ദ്ര നേതാക്കള്‍ നേരിട്ട് അറിയിക്കാന്‍ തയാറാവാത്തതിലാണ് അദ്ദേഹത്തിനു പ്രതിഷേധം. പ്രതിനിധികള്‍ വഴി ഇക്കാര്യം അറിയിച്ചത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് ജോഷി കരുതുന്നു. ഇത് എന്നെ അപമാനിക്കലാണെന്നും അവര്‍ക്ക് എന്നെ അഭിമുഖീകരിക്കാന്‍ എന്താണ് ഭയമെന്നും ജോഷി ന്യൂസ് 18നോടു ചോദിച്ചു. നേരത്തെ വാരണാസി മണ്ഡലത്തില്‍ നിന്നായിരുന്നു ജോഷി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മണ്ഡലം നരേന്ദ്രമോദിക്കു വിട്ടുകൊടുത്താണ് കാണ്‍പൂരിലെത്തിയത്. മോദി ഇവിടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇക്കുറി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് മത്സരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രികൂടിയായ ശാന്തകുമാറിനും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡല്‍ ആയി 'ഉയര്‍ത്തിയ' നേതാക്കളെ മന്ത്രിസഭയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. മാര്‍ഗദര്‍ശക് മണ്ഡലിലുള്ള നേതാക്കള്‍ക്കൊന്നും ഇത്തവണ സീറ്റില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."