വന്യമൃഗ ശല്യം; കര്‍ഷകര്‍ ആശങ്കയില്‍
കക്കട്ടില്‍ : വന്യജീവി ശല്യം രൂക്ഷമായതോടെ ഉപജീവന മാര്‍ഗം പ്രതിസന്ധിയിലായി കര്‍ഷകര്‍. കുന്നുമ്മല്‍, നാദാപുരം, പുറമേരി പഞ്ചായത്തുകളില്‍ വന്യമൃഗം കനത്ത നാശം വരുത്തുന്നത് പതിവായി. കാട്ടുപൂച്ച, കാട്ടുപന്നി, മുള്ളന്‍പന്നി ഉള്‍പ്പെടെ വിവിധ മൃഗങ്ങളാണ് നാശം വരുത്തുന്നത്.
ആട്, കോഴി, പശു ഉള്‍പ്പെടെയുള്ളവയെ കൊല്ലുന്നതിന് പുറമെ വലിയ തോതില്‍ കൃഷി നാശവും വരുത്തുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ചീളുപറമ്പത്ത് ബിജു, കൊയിലോത്തും പൊയില്‍ കുഞ്ഞിരാമന്‍ എന്നിവരുടെ ഒട്ടേറെ കോഴികളെയാണ് കൊന്നത്. കൂട്ടിലടച്ചതാണെങ്കിലും, കൂട് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അരൂരിലെ വിവധ ഭാഗങ്ങളില്‍ നിരവധി കോഴികളെയും ആടുകളെയും കൊന്നു.
അരൂര്‍ നടക്കുമീത്തല്‍ കിഴക്കയില്‍ മറിയത്തിന്റെ നാല് ആടുകളെയും, എടത്തറോത്ത് അമ്മതിന്റെ മൂന്നു ആടുകളെയുമാണ് കൊന്നത്. വില്ലങ്കണ്ടി ജമാലിന്റെ വീട്ടിലെ നാലു ആടുകളെ കഴിഞ്ഞ ആഴ്ച കൊന്നു തിന്നിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലും സമാന സംഭവമുണ്ടായിരുന്നു. എന്നാല്‍ ആടുകളെ കൊല്ലുന്ന അജ്ഞാത ജീവിയെ കണ്ടെത്താനാവാത്തതാണ് നാട്ടുകാരുടെ നെഞ്ചിടിപ്പുകൂട്ടിയിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പതിനഞ്ചോളം ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്.
ആടുകളേയും കോഴികളേയും കൊന്ന് പൂര്‍ണ്ണമായും തിന്നുകയുമില്ല. ചോര കുടിക്കുകയാണെന്നും പറയുന്നു. നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതാകുന്നത്. വീടുകളിലെ വളര്‍ത്തു പൂച്ചകളെയും അജ്ഞാത ജീവികള്‍ കൊന്നൊടുക്കുന്നുണ്ട്.
ഇത് കൂടാതെ വ്യാപകമായി കൃഷി നശിപ്പിക്കുന്നുമുണ്ട്. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കിയിരുന്ന ഈ മേഖലയില്‍ കനത്ത നഷ്ടമാണ് വരുത്തുന്നത്. അരൂര്‍ ജൈവ കലവറയെ ലക്ഷ്യമാക്കി പല കുടുംബവും പച്ചക്കറി കൃഷി നടത്താന്‍ മുന്നോട്ട് വന്നിരുന്നു. വന്യമൃഗ ശല്യം തടയുവാന്‍ അടിയന്തര നടപടിവേണമെന്നും നഷ്ടമുണ്ടായവര്‍ക്ക് സഹായമെത്തിക്കണമെന്നും ആവശ്യമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."